മൊബൈല്‍ ഫോണുകളില്‍ ക്യാമറകളും സാമൂഹിക മാധ്യമങ്ങളും വ്യാപകമായതോടെ തങ്ങളുടെ കാഴ്ചയെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ പകര്‍ത്തി ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ജീവിതത്തിന്‍റെ വൈവിദ്ധ്യമുള്ള കാഴ്ചകളാണ് ഇങ്ങനെ ലോകമെങ്ങുമുള്ള ആളുകളുടെ മുന്നിലേക്ക് എത്തുന്നത്. ചീറ്റയുടെ വരവോടെ ഇന്ത്യന്‍ വനാന്തരങ്ങളില്‍ നിന്നും ഇത്തരം അസുലഭ കാഴ്ചകള്‍ പുറത്തേക്ക് വന്നുതുടങ്ങി. അത്തരത്തിലൊരു കാഴ്ചയാണ് ഇത്. കാട്ടുപോത്തും കടുവയും തങ്ങളും അതിജീവനത്തിനായി പോരാടുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ഐഎഎസ്) സുപ്രിയ സാഹുവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോയില്‍ കടുവ തന്‍റെ ഭക്ഷണമായ കാട്ടുപോത്തിന് പിന്നാലെ സര്‍വ്വശക്തിയും സംഭരിച്ച് കുതിക്കുകയാണ്. അടിക്കാടുകള്‍ നിറഞ്ഞ എന്നാല്‍ അത്ര നിബിഡമല്ലാത്ത കാടാണ് വീഡിയോയില്‍ ഉള്ളത്. ഇടയ്ക്ക് വിനോദ സഞ്ചാരികളെ ട്രക്കിങ്ങിന് കൊണ്ടുപോകുന്ന വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഒരു പാതയും കാണാം. കടുവയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി സര്‍വ്വ ശക്തിയുമെടുത്ത് കുതിക്കുകയാണ് കാട്ടുപോത്ത്. ‘കാട്ടിലെ അതിജീവിനം ഇരയ്ക്കും വേട്ടക്കാരനും വെല്ലുവിളിയാണ്’ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു കൊണ്ട് സുപ്രിയ സാഹു ഐഎഎസ് കുറിച്ചു. വീഡിയോ പങ്കുവച്ച് ദിവസങ്ങള്‍ക്കകം രണ്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
Survival in the wild is challenging for both the Prey and the Predator video- shared on SM pic.twitter.com/hRZnT4LA3S
— Supriya Sahu IAS (@supriyasahuias) April 2, 2023
വേട്ടക്കാരനില്‍ നിന്നും രക്ഷപ്പെടാന്‍ ഇടറാത്ത മനസുമായി ഓടിയ കാട്ടുപോത്തിനൊപ്പമായിരുന്നു കാഴ്ചക്കാരില്‍ പലരും. കടുവയുടെ രണ്ട് മടങ്ങ് ഭാരമുള്ള കാട്ടുപോത്ത് കടുവയെ ഓടിത്തോല്‍പ്പിക്കുന്നത് ഊര്‍ജ്ജത്തിന്‍റെയും ശക്തിയുടെയും മാത്രം കാഴ്ചയല്ലെന്നായിരുന്നു ഒരാള്‍ കുറിച്ചത്. കാട്ടുപോത്ത് രക്ഷപ്പെട്ടതില്‍ സന്തോഷം, ഇത് പ്രകൃതിയുടെ നിയമമാണെന്ന് അറിയാമെങ്കിലും ഞാന്‍ എന്നും ഇരയോട് ഓപ്പം നില്‍ക്കുന്നെന്ന് മറ്റൊരാള്‍ എഴുതി. അപൂര്‍വ്വമായ കാഴ്ച, സാധാരണയായി കാട്ടുപോത്തിനെ അക്രമിക്കാന്‍ കടുവ ശ്രമിക്കാറില്ല. അധികാരത്തോടുള്ള പരസ്പര ബഹുമാനം കൊണ്ടോ ഭയം കൊണ്ടോ അവ പരസ്പരം അക്രമിക്കുന്നത് ഒഴിവാക്കുകയാണ് പതിവെന്നായിരുന്നു മറ്റൊരാളുടെ നിരീക്ഷണം.