ഇൻഡോർ: തെറ്റായ ദിശയിലെത്തിയ ആഡംബര കാർ ഇടിച്ച് തെറിപ്പിച്ച സ്കൂട്ടർ യാത്രികരായ രണ്ട് സ്ത്രീകൾ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 25കാരിയായ ദിക്ഷ ജാദോൻ, 24കാരിയായ ലക്ഷ്മി തോമർ എന്നിവരാണ് കൊല്ലപ്പെട്ടത്. സിസിടിവിയിൽ പതിഞ്ഞ വാഹനാപകട ദൃശ്യങ്ങളിൽ നിന്ന് ബിഎംഡബ്ല്യു വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻഡോറിലെ മഹാലക്ഷ്മി നഗർ മേഖലയിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിൽ നിന്ന് അതിവേഗത്തിലെത്തിയ ബിഎംഡബ്ല്യു സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീണ് ഗുരുതരമായി പരിക്കേറ്റ യുവതികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇയാൾ മുങ്ങിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ തെളിവായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗജേന്ദ്ര പ്രതാപ് സിംഗ് എന്ന 28കാരനാണ് അറസ്റ്റിലായത്. സുഹൃത്തിനുള്ള ജന്മദിനകേക്ക് തന്റെ പക്കലായിരുന്നുവെന്നും വൈകിയതിനാൽ തെറ്റായ ദിശയിലാണ് കയറുന്നതെന്ന് ശ്രദ്ധിച്ചില്ലെന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം ഒടിഞ്ഞ് മടങ്ങിയ നിലയിലാണ് ഉള്ളത്. സ്കൂട്ടറിൽ നിന്ന് തെറിച്ച് ഉയർന്ന യുവതികൾ ഇരുനൂറ് മീറ്ററോളം മാറി റോഡിന്റെ മറുവശത്തേക്കാണ് വീണത്. സെക്കൻഡ് ഹാൻഡായി വാങ്ങിയ കാറാണ് അപകട സമയത്ത് യുവാവ് ഓടിച്ചിരുന്നത്. കോടതിയിൽ ഹാജരാകക്കിയെ ഇയാളെ റിമാൻഡ് ചെയ്തു. ഇൻഡോറിലെ തുളസിനഗർ സ്വദേശികളായ യുവതികളാണ് കൊല്ലപ്പെട്ടത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് യുവാവിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.