താനൂർ: താനൂർ ബോട്ടപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾ തന്നെ അപകടമുണ്ടായതാണ് വിവരം. ബോട്ട് ആദ്യം ഇടത്തോട്ട് മറിഞ്ഞുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. പിന്നീട് മുങ്ങിത്താഴുകയായിരുന്നു. അപകടത്തിൽ 21 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 10 പേരുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ദയ ആശുപത്രിലുമാണുള്ളത്. ബോട്ട് പൂർണമായി ചതുപ്പിൽ താഴ്ന്നു. ബോട്ടിലെ പരിശോധന പൂർത്തിയായി. ബോട്ട് മറുകരയിലേക്കാണ് വലിച്ചുകയറ്റിയത്. ബോട്ടിൽ മൃതദേഹങ്ങളില്ല.
ചതുപ്പിൽ പരിശോധന തുടരുകയാണെന്നും പറയുന്നു. ചതുപ്പിൽ നിന്ന് ഒരുമൃതദേഹം കൂടി കണ്ടെടുത്തുവെന്നും പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബോട്ടിൽ എത്ര യാത്രക്കാരുണ്ടെന്നതും വ്യക്തതയില്ല. 40 പേരാണ് ഉണ്ടായിരുന്നതാണെന്നാണ് പ്രദേശ വാസികളും രക്ഷപ്പെട്ടവരും പറയുന്നു. മതിയായ സുരക്ഷയില്ലെന്നും ആരോപണമുണ്ട്. കൃത്യമായ ലൈഫ് ജാക്കറ്റ് സംവിധാനമോ മറ്റ് സൗകര്യമോ ബോട്ടിലുണ്ടായിരുന്നില്ല. 40 ടിക്കറ്റ് നൽകിയെന്നാണ് പറയുന്നത്. ഇതിൽ കുട്ടികൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്.