ആലപ്പുഴ: കടൽക്ഷോഭത്തിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി അഴീക്കൽ ഹാർബറിൽ എത്തിച്ചു. അഴീക്കൽ ഹാർബറിൽ നിന്ന് തമിഴ്‌നാട്ടുകാരായ മൂന്ന് പേർ ഉൾപ്പെടെ പത്തു മത്സ്യത്തൊഴിലാളികളുമായി കഴിഞ്ഞ ദിവസം പുറപ്പെട്ട കൊല്ലം ക്ലാപ്പന വടക്കേത്തോപ്പിൽ ഭദ്രൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തിരയിൽ പെട്ടത്. തിങ്കളാഴ്ച്ച രാത്രി സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇവരെ രക്ഷപെടുത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോസ്റ്റ് ഗാർഡിൻ്റെ സഹായം തേടി.
പുലർച്ചയോടെ കോസ്റ്റ് ഗാർഡ് സംഘം ബോട്ടിനു സമീപമെത്തി. ബോട്ട് ഇല്ലാതെ കരയിലേക്ക് മടങ്ങാൻ തൊഴിലാളികൾ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ബോട്ട് കടലിൽ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കരയിലേക്ക് അടുപ്പിക്കുന്നതിന് മറൈൻ എൻഫോഴ്സ്മെന്റിൻ്റെ സഹായം തേടുകയായിരുന്നു. ഇന്ന് രാവിലെ പുറപ്പെട്ട മറൈൻ എൻഫോഴ്സ്മെന്റ് സംഘം ഉച്ചകഴിഞ്ഞ് മൂന്നിന് ബോട്ട് അഴീക്കൽ ഹാർബറിൽ എത്തിച്ചതായും തൊഴിലാളികൾ സുരക്ഷിതരാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.