കണ്ണൂർ: ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവാവ് രഘുവിന്‍റെ മൃതദേഹം സംസ്കരിച്ചു. ആറളം ഫാമിലെ വീട്ട് വളപ്പിലായിരുന്നു സംസ്കാരം. പൊതു ദർശനത്തിനിടയിൽ റവന്യു , വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായി.
കഴിഞ്ഞ വർഷം അമ്മയെ നഷ്ടമായ, പറക്കമുറ്റാത്ത പ്രായത്തിലുള്ള മൂന്ന് കുട്ടികളുടെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ രഘു. അധികൃതരുടെ അനാസ്ഥയിൽ രഘുകൂടി മരിച്ചതോടെ രണ്ട് പെൺകുട്ടികൾക്കും കുഞ്ഞനുജനും ആരുമില്ലാതായി. കുട്ടികളുടെയും ബന്ധുക്കളുടെയും കരച്ചിൽ നാട്ടുകാരുടെ പ്രതിഷേധമായി അണപൊട്ടുന്നതാണ് പിന്നെ കണ്ടത്.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെയാണ് ഫാമിലെ വീട്ടിലേക്ക് എത്തിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സ്ഥലത്തെത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് വീട്ട് വളപ്പിൽ സംസ്കാരം നടത്തി.
2019ൽ ആറളം ഫാമിൽ ജനവാസ മേഖലയിൽ ആനകൾ കയറാതിരിക്കാൻ ആനമതിൽ പണയുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. പത്തര കിലോമീറ്ററിനായി 22 കോടിയാണ് വകയിരുത്തിയത്. എന്നാൽ ഇത് പോരെന്ന് പിഡബ്ല്യുഡി അറിയച്ചതോടെ നിർമ്മാണം തടസ്സപ്പെട്ടു. ഇതിനിടയിൽ 12 ജീവനുകളാണ് ആറളം ഫാമിൽ ആനയും കാട്ടുപന്നിയുമെടുത്തത്.