തിരുവനന്തപുരം: ഹരിയാനയിൽ വച്ച് വാഹനാപകടത്തിൽ മരിച്ച സ്കേറ്റിംഗ് താരം അനസ് ഹജാസിന്റെ ഭൗതിക ദേഹം ജന്മനാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടര്‍ന്ന് അനസിൻ്റെ ജന്മദേശമായ വെഞ്ഞാറമൂടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് പുല്ലമ്പാറ പഞ്ചായത്ത് മൈതാനത്ത് പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളാണ് അനസിന് ആദരാജ്ഞലി അര്‍പ്പിക്കാൻ ഇവിടേക്ക് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് ചുള്ളാളം ജുമാമസ്ജിദിൽ ഖബറടക്കും.
സ്കേറ്റിംഗ് ബോര്‍ഡിൽ കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനസ് ഹജാസ് മരണപ്പെട്ടത്. ഹരിയാനയിലെ കൽക്കയിൽ വച്ചാണ് അനസ് ഹാജസിനെ ഒരു ട്രക്കിടിച്ച് തെറിപ്പിക്കുന്നത് മരണപ്പെടുന്നതും. കഴിഞ്ഞ മെയ് 23 നാണ് സ്കേറ്റിംഗ് ബോർഡിൽ അനസ് കശ്മീരിലേക്ക് യാത്ര തുടങ്ങിയത്. യാത്ര അവസാനിക്കാൻ പതിനഞ്ച് ദിവസം ബാക്കി നിൽക്കെയായിരുന്നു ദാരുണാന്ത്യം. സഞ്ചാര പ്രിയനായ അനസ് ഇതിനുമുമ്പും രാജ്യത്തുടനീളം യാത്രകൾ നടത്തിയിട്ടുണ്ട്. സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന അനസിൻ്റെ യാത്രാ വിശേഷങ്ങൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു.