തൃശൂര്‍: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു. തൃശൂര്‍ പീച്ചി സ്വദേശിയായ സൈതലവിയെയാണ് തൃശൂര്‍ ഫാസ്റ്റ് സ്പെഷ്യൽ കോർട്ട് സെക്കൻഡ് കോടതി ശിക്ഷിച്ചത്. 38 വർഷം തടവ് കൂടാതെ രണ്ടര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സുനിതാ കെ ആയിരുന്നു. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആറാം ദിവസം കുറ്റപത്രം സമർപ്പിച്ച ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ പീച്ചി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ഷാജി എ ഓയും സബ് ഇൻസ്പെക്ടർ ഹരി, എ എസ് ഐ പ്രിയ എന്നിവരാണ്. പ്രോസിക്യൂഷൻ സഹായികളായി പൊലീസുകാരായ മണിവർണ്ണൻ, സംഗീത് എന്നിവരും ഉണ്ടായിരുന്നു. അതേസമയം, 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായി പിരിച്ചുവിട്ട എസ്ഐക്ക് ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് ജഡ്ജി ആർ രേഖ വിധിന്യായത്തിൽ പറയുന്നു. പിഴ തുക കുട്ടിക്ക് നൽകണം. 2019 നവംബർ 26-ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിലെ സംഭവം നടക്കുന്നത്. സംഭവകാലത്ത് പ്രതി റെസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റും, കുട്ടി ചിൽഡ്രൻസ് ക്ലബിന്റെ പ്രസിഡന്റും ആയിരുന്നു. റെസിഡൻസ് അസോസിയേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി ഇയാൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.