ബെംഗളുരു : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളെ ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളിലൊരാളായ ക്ലാരയുടെ കാമുകനും മുൻ ലിവിങ് പാർട്ണറുമായ മഹാദേവ പ്രസാദിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഉപേക്ഷിച്ചത്. ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. അടുത്തിടപഴകുകയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തെങ്കിലും അധികം വൈകാതെ ഇവരുടെ ബന്ധം വഷളായി. തുടർന്ന് ഇരുവരും പിരിഞ്ഞു. എന്നാൽ തന്റെ മുൻ ലിവ് ഇൻ പാർട്ണറെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിച്ച യുവതി തട്ടിക്കൊണ്ടുപോകൽ ഗൂഢാലോചന നടത്തുകയും മറ്റ് പ്രതികളുടെ സഹായത്തോടെ മഹാദേവ പ്രസാദിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയുമായിരുന്നു.
ഏകദേശം 10 ദിവസം മുമ്പ്, മുഖ്യപ്രതി ക്ലാര, മഹാദേവ പ്രസാദിനോട് അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയെക്കുറിച്ച് അറിയാതെ രാവിലെ 11.30 ഓടെ അവളെ കാണാൻ പോയ പ്രസാദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളെ മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഹേമാവതി, മധു, സന്തോഷ്, മസന കിരൺ, അശ്വത് നാരായൺ, ലോകേഷ്, മനു എന്നിവരാണ് മറ്റ് പ്രതികൾ. “ഇതിനകം വിവാഹിതയായിരുന്ന ക്ലാര, പതിവായി വഴക്കുണ്ടാക്കുന്നതിനാൽ ഭർത്താവുമായി അകന്ന് നിൽക്കുകയായിരുന്നു. ഇവർ ഭർത്താവുമായി വിവാഹമോചനം നേടാൻ ആഗ്രഹിച്ചു. ഈ സമയത്താണ് ക്ലാര ഡേറ്റിംഗ് ആപ്പിൽ മഹാദേവ പ്രസാദിനെ പരിചയപ്പെടുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ ക്ലാരയുടെ ദാമ്പത്യജീവിതം അറിഞ്ഞ പ്രസാദ് അവരെ അവഗണിക്കാൻ തുടങ്ങി. ക്ലാരയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നായിരുന്നു മഹാദേവ പ്രസാദിന്റെ സംശയങ്ങൾ. ക്ലാരയ്ക്കും പ്രസാദിനെക്കുറിച്ച് സമാനമായ സംശയങ്ങളുണ്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാൽ അവർ വഴിപിരിഞ്ഞ് വെവ്വേറെ താമസം ആരംഭിച്ചു.” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം പ്രസാദിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും തന്റെ ലിവ്-ഇൻ ബന്ധം തകർന്നതിൽ ക്ലാര വളരെയധികം അസ്വസ്ഥയായിരുന്നു. ഒന്നും നടക്കാതെ വന്നപ്പോൾ അവൾ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. തുടർന്നാണ് മറ്റ് ഏഴ് പേരുടെ സഹായത്തോടെ മഹാദേവ പ്രസാദിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സംഭവത്തിൽ ഹനുമന്തനഗർ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.