ഗുജറാത്തിലെ ഒരു കുടുംബത്തിൽ വിവാഹാഘോഷം നടക്കുകയായിരുന്നു. എന്നാൽ, പൊടുന്നനെ ആ വീട് ഒരു മരണവീടായി മാറി. വധു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനാലായിരുന്നു ഇത്. എന്നാൽ, കുടുംബം എന്താണ് ചെയ്തത് എന്നോ? വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം നടത്തി.
വിവാഹം നടക്കുന്ന സമയത്തെല്ലാം മരിച്ച യുവതിയുടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചു. പിന്നീട്, വിവാഹത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭാവ്‌നഗർ നഗരത്തിലെ സുഭാഷ്‌നഗറിനടുത്തുള്ള ഭാർവാദ് കുടുംബത്തിലെ ജിനഭായ് റാത്തോഡിന്റെ മൂത്ത മകളായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാൽ റാണാഭായിയുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഘോഷയാത്ര ഭാവ്‌നഗറിലെത്തി, മറ്റ് വിവാഹ ചടങ്ങുകളുമെല്ലാം തന്നെ പൂർത്തിയായി.
എന്നാൽ, ചടങ്ങുകൾക്കിടയിൽ ഹേതലിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. തിരക്കിൽ നിന്നും മാറി അൽപം ശുദ്ധവായു ശ്വസിക്കുന്നതിനായി അവൾ ബാൽക്കണിയിലെത്തി. എന്നാൽ, അവളെ കാണാതെ വന്നതോടെ ആളുകൾ തിരയാൻ തുടങ്ങി. ബാൽക്കണിയിലെത്തിയപ്പോൾ അവിടെ ഹേതൽ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ വീട്ടുകാർ അവളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രി ജീവനക്കാർ അവൾ മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം.
എന്നാൽ, പിന്നീട് വീട്ടുകാർ അവളുടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാൻ തീരുമാനിച്ചു. പിന്നാലെ വരന്റെ ഭാര്യാസഹോദരി ആകേണ്ടിയിരുന്ന കുടുംബത്തിലെ ഇളയ പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം നടത്താനും തീരുമാനിച്ചു.
ഭാവ്‌നഗറിലെ മാൽധാരി കമ്മ്യൂണിറ്റിയുടെ നേതാവായ ലക്ഷ്മൺഭായ് വധുവിന്റെ മരണത്തെ വിശേഷിപ്പിച്ചത് അങ്ങേയറ്റം ദുഃഖകരം തന്നെ എന്നാണ്. എന്നാൽ, മകളുടെ വിയോഗത്തിൽ തകർന്നിരിക്കുമ്പോഴും വരനെയും കുടുംബത്തെയും കൈവിടാതിരിക്കാനായി സഹോദരിയെ വിവാഹം കഴിപ്പിക്കാൻ തയ്യാറായത് മാതൃകയാണ് എന്നും ലക്ഷ്മൺഭായ് പറഞ്ഞത്രെ.