ദിവസങ്ങളോളം കനത്ത മഴ തുടര്‍ന്നാല്‍ ഉടൻ തന്നെ പ്രളയസമാനമായ സാഹചര്യത്തിലേക്കോ പ്രളയത്തിലേക്കോ പോകുന്ന അവസ്ഥയാണ് നിലവില്‍ നമ്മുടേത്. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം കുറെക്കൂടി സുരക്ഷിതമായാണ് തുടരുന്നതെന്ന് പറയാം. തീരദേശ മേഖലകളിലെ ദുരിതം അപ്പോഴും തുടരുക തന്നെയാണ്. എങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും എല്ലാ വര്‍ഷവും കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്ന രീതിയിലാണ് പ്രളയം വരുന്നത്. ഉത്തരാഖണ്ഡ്, ഹിമാചല്‍, അസം പോലുള്ള സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍ തന്നെ ഒന്നിലധികം തവണ പോലും പ്രളയമോ, മണ്ണിടിച്ചിലോ മൂലമുള്ള ദുരന്തങ്ങള്‍ സംഭവിക്കാറുണ്ട്.
ഇപ്പോള്‍ ഹിമാചലില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും പ്രളയമാണ്. കഴിഞ്ഞ 24 ണിക്കൂറിനിടെ തന്നെ ഇവിടെ രണ്ട് മരണവും മൂന്ന് പേരെ കാണാതായതായുമാണ് റിപ്പോര്‍ട്ട്. വീടുകളും കച്ചവടസ്ഥാപനങ്ങളും റോഡുകളുമെല്ലാം തകര്‍ന്ന് കനത്ത നാശനഷ്ടമാണ് ഇവിടങ്ങളിലെല്ലാം പ്രളയം വിതച്ചിരിക്കുന്നത്. ഗതാഗതസൗകര്യം, വാര്‍ത്താവിനിമയസൗകര്യം എന്നിവയെല്ലാം ഭാഗികമായോ അല്ലാതെയോ തടസപ്പെടുന്ന സാഹചര്യവും ഇവിടങ്ങളിലുണ്ടായിട്ടുണ്ട്.
പ്രളയം ഏറ്റവുമധികം ബാധിക്കപ്പെട്ട കുളുവില്‍ നിന്നുള്ള ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം പ്രചരിക്കുന്നത്. വെള്ളക്കെട്ടില്‍ ഒരു കട അടക്കമുള്ള കെട്ടിടം അങ്ങനെ തന്നെ ഒലിച്ചുപോകുന്നതാണ് വീഡിയോ. അന്നി ബസ് സ്റ്റാൻഡ് പരിസരത്തുള്ള കടയാണിത്. ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് പുഴയാണ്. ഇതിനോട് ചേര്‍ന്നാണ് കെട്ടിടം നിന്നിരുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കെട്ടിടം ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് കാണുന്നത്. എന്നാല്‍ സെക്കൻഡുകള്‍ക്കകം ഇത് ഒറ്റയടിക്ക് തകര്‍ന്ന് താഴേക്ക് നിലംപതിക്കുകയാണ്. കെട്ടിടത്തിന് അടുത്തുണ്ടായിരുന്ന പോസ്റ്റും, റോഡിന്‍റെ ഒരു ഭാഗവും അടക്കമാണ് പുഴയിലേക്ക് പതിക്കുന്നത്.
ഭാഗ്യവശാല്‍ ഈ കെട്ടിടത്തിനകത്ത് ആളുകളില്ലായിരുന്നു. പൂട്ടിക്കിടക്കുകയായിരുന്നു എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. പ്രളയം എത്രമാത്രം മനുഷ്യജീവിതത്തെ ബാധിക്കുമെന്നതിനും പിടിച്ചുലയ്ക്കുമെന്നതിനുമുള്ള ഉദാഹരണമാവുകയാണ് ഈ വീഡിയോ.