തിരുവനന്തപുരം: അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ് – എക്സ്റ്റെന്‍ഡഡ് റിയാലിറ്റി (എ.വി.ജി.സി-എക്സ്.ആര്) മേഖലയിൽ സ്കൂൾ തലം മുതൽ സർവകലാശാല തലം വരെ സമഗ്ര ഇടപെടൽ വഴി 2029 ഓടെ 50,000 തൊഴിലവസരം സൃഷ്ടിക്കും. ഇതിനായുള്ള സമഗ്ര എ.വി.ജി.സി-എക്സ്.ആര് നയം മന്ത്രിസഭ അംഗീകരിച്ചു. ഭാവിയുടെ സാങ്കേതികവിദ്യാ മേഖലയെന്നും നവീന വിനോദമേഖലയെന്നും വിശേഷിപ്പിക്കുന്ന എ.വി.ജി.സി-എക്സ്.ആര് മേഖലയിൽ പതാകവാഹകരാകാന് ലക്ഷ്യമിട്ടാണ് നയരൂപവത്കരണം. 2029നകം മള്‍ട്ടി നാഷനലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും.
തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. എ.വി.ജി.സി-എക്സ്.ആര് അഭിരുചി വളര്‍ത്താന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരും. പഠിപ്പിക്കാൻ പ്രഫഷനലുകളെ പ്രഫസര്‍ ഓഫ് പ്രാക്ടീസ് എന്ന നിലയില്‍ പ്രത്യേകമായി ജോലിക്കെടുക്കും. മുൻപരിചയമുള്ളവർക്ക് റെകഗ്നിഷൻ ഓഫ് പ്രയർ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും.
കേരള സ്റ്റാർട്ടപ് മിഷന് (കെ.എസ്.യു.എം), കെ.എസ്.ഐ.ഡി.സി, കെ.എസ്.എഫ്.ഡി.സി, കേരള ഡിജിറ്റല്‍ സർവകലാശാല, കേരള ടെക്നിക്കല്‍ സർവകലാശാല, സി-ഡിറ്റ്, കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍), കേരള ഡെവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്ക്), കേരള നോളജ് ഇക്കോണമി മിഷന് (കെ.കെ.ഇ.എം) തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എ.വി.ജി.സി-എക്സ്.ആര് മേഖലക്കായി ഉപയോഗപ്പെടുത്തുക. കെ.എസ്.യു.എമ്മിന്റെ എമര്‍ജിങ് ടെക്നോളജി ഹബ് ഇ-ഗെയിമിങ്ങും എക്സ്.ആറും ഉള്‍പ്പെടുത്തി വിപുലീകരിക്കും. 150 എ.വി.ജി.സി-എക്സ്.ആര് സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും. കെ-ഡിസ്ക് ആസൂത്രണം ചെയ്ത വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ എ.വി.ജി.സി-എക്സ്.ആര് ലാബുകള്‍ നിർമിക്കും.
വ്യവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപവത്കരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. പ്രാഗല്ഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേർത്ത് ഇന്നവേഷൻ സഹകരണ സംഘങ്ങൾക്ക് രൂപം കൊടുക്കാനും ലക്ഷ്യമിടുന്നു.