കാസർകോട്: കാസർകോട് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 112.32 ലിറ്റർ കർണാടക മദ്യവും, 48 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുരളി. കെ. വി യും സംഘവും ചേർന്ന് ഉപ്പള ടൗണിൽ വച്ചാണ് കാറിൽ കടത്തിക്കൊണ്ടു വന്ന വൻ മദ്യ ശേഖരം പിടികൂടിയത്. പ്രതികളായ വിനീത് പുരുഷോത്തമ, അവിനാഷ്. ഒ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി അറസ്റ്റു ചെയ്തു.
അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ ഗ്രേഡ് നൗഷാദ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ, മഞ്ജുനാഥൻ വി, നസറുദ്ദിൻ. എ കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ പി എ എന്നിവരും ഉണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കുപ്രസിദ്ധ ഗുണ്ടയും, നിരവധി കേസുകളിലെ പ്രതിയുമായ ഷൈജുഖാൻ എന്ന് വിളിപ്പേരുള്ള ഖാൻ എക്സൈസ് പിടിയിലായിരുന്നു. മാവേലിക്കര ചാരുംമൂട് കേന്ദ്രികരിച്ചു കഞ്ചാവ് വില്പന നടത്തിയിരുന്ന ഇയാൾ
1.5 കിലോഗ്രാം കഞ്ചാവുമായാണ് അറസ്റ്റിലായത്. നൂറനാട് എക്സൈസ് ഇൻസ്‌പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഷൈജുഖാന്റെ പുതുപ്പള്ളികുന്നത്തുള്ള വിട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രീകരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന നടത്തിയ ഇയാൾക്കെതിരെ എക്സൈസ് കേസെടുക്കുകയും, നൂറനാട് പഞ്ചായത്തിന്റെ അനുമതിയോടെ കട പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.