കോഴിക്കോട്: താമരശ്ശേരിയിലെ വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രധാന പ്രതികളായ അലി ഉബൈറാൻ, നൗഷാദ് അലി എന്നിവർക്കായാണ് ലുക്ക് നോട്ടീസ് ഇറക്കിയത്. അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയതിലെ ആസൂത്രകർ ഇവരെന്നു പോലീസ് വ്യക്തമാക്കി. മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. കാറിലെത്തിയ സംഘമാണ് സ്‌കൂട്ടർ യാത്രക്കാരനായ താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായെത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്.
അഷ്റഫിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഈ വാഹനം ഓടിച്ചത് അറസ്റ്റിലായ മുഹമ്മദ് ജൌഹറാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും അഷ്റഫിനെ കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും അടിസ്ഥാനമാക്കി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിട്ടും അഷ്റഫ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലെന്നത് പൊലീസിന് തിരിച്ചടിയാകുകയാണ്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അലി ഉബൈറാന്‍റെ നേതൃത്വത്തിലുളള സംഘമാണ് അഷ്റഫിനെ തട്ടികാണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാനുളള വാഹനങ്ങളിലൊന്ന് വാടകയ്ക്ക് എടുത്തത്. അലി ഉബൈറാന്‍റെ സഹോദരന്‍ അടക്കമുളളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.