ഓരോ നാട്ടിലും ഓരോ ആളുകൾക്കിടയിലും വ്യത്യസ്തമായ പല സംസ്കാരങ്ങളും ആചാരങ്ങളും ഒക്കെ നിലനിൽക്കുന്നുണ്ട്. ഇന്ത്യയാണ് എങ്കിൽ വ്യത്യസ്തമായ ആയിരക്കണക്കിന് സംസ്കാരങ്ങളുടെ നാടാണ്. എന്നാലും, നമുക്ക് വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള പല രീതികളും ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ട്. പക്ഷേ, അവിടെയുള്ള മനുഷ്യർക്ക് അത് അവരുടെ സംസ്കാരത്തിന്റെ ഭാഗം മാത്രമാണ്. അതിലൊന്നാണ് ഹിമാചലിലെ പിനി ഗ്രാമത്തിലുള്ള ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ഈ ആചാരവും.
ഈ ഗ്രാമത്തിൽ ഒരു വ്യത്യസ്തമായ ആഘോഷമുണ്ട്. പലതരം നിയമങ്ങളോട് കൂടിയാണ് അത് നടത്തപ്പെടുന്നത്. അതിലൊന്നാണ് ആഞ്ച് ദിവസത്തെ ഈ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾ സാധാരണ ധരിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത് എന്നുള്ളത്. അതുപോലെ തന്നെ സ്ത്രീകൾ ആ സമയത്ത് അഞ്ച് ദിവസങ്ങളിൽ ചിരിക്കാനോ പുഞ്ചിരിക്കാനോ പാടില്ല എന്നും പറയുന്നു. സാവൻ മാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ആ സമയങ്ങളിൽ സ്ത്രീകൾ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും വീടിനകത്ത് ഇരിക്കുകയുമാണ് ചെയ്യുന്നത്. വിവാഹിതരായ സ്ത്രീകളാണ് ഇങ്ങനെ ചെയ്യുന്നത്. ആ സമയം പുരുഷന്മാരെ കാണാനും ഇവർക്ക് കഴിയില്ല. പുരുഷന്മാർക്കും ഇവരെ കാണാൻ അവകാശമില്ല.
ഭദ്രബ് മാസത്തിലെ ആദ്യ ദിവസം അവരുടെ ദേവനായ ലാഹു ഘോണ്ട് ദേവൻ ഒരു രാക്ഷസനെ കീഴടക്കി എന്നാണ് വിശ്വാസം. ആ ദിവസത്തിന്റെ സ്മരണയ്ക്കായാണ് അഞ്ച് ദിവസത്തെ ആഘോഷം നടക്കുന്നത്. രാക്ഷസൻ സ്ത്രീകളെ ആക്രമിക്കുകയും അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടക്കുന്ന സമയങ്ങളിൽ സ്ത്രീകൾ വസ്ത്രം ഉപേക്ഷിക്കുന്നത്. കമ്പിളിയുടെ ചെറിയ കഷ്ണങ്ങൾ ഈ സമയം ഉപയോഗിക്കാം.
എന്നാൽ, കാലം മാറുന്നതിനനുസരിച്ച് എല്ലാത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്ന് പുതുതലമുറയിലെ സ്ത്രീകൾ മിക്കവാറും ഈ രീതി പിന്തുടരുന്നില്ല. എന്നാൽ, പ്രായമായ ചിലർ ഇപ്പോഴും ഈ ആചാരം പാലിക്കുന്നുണ്ട് എന്നും പറയുന്നു.