തെലങ്കാന: രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന കേന്ദ്രം നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.നവംബർ 30ന് ആണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. എല്ലാ പാർട്ടികളുടെയും പ്രവർത്തനം വിലയിരിത്തിയിട്ട് മാത്രമേ നിങ്ങൾ വോട്ട് ചെയ്യാവു. എല്ലാ പാർട്ടിയേയും വിലയിരുത്തിയ ശേഷം നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നിങ്ങളുടെ വോട്ട് എംഎൽഎയേയൊ സർക്കാരിനേയൊ തെരഞ്ഞെടുക്കുന്നത് മാത്രമല്ല, തെലങ്കാനയുടെയും രാജ്യത്തിന്റേയും ഭാവി തീരുമാനിക്കുന്നതാനിന്നും അമിത് ഷാ പറഞ്ഞു.
തെലങ്കാനയിൽ ബിആർഎസ് നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്നും അമിത് ഷാ വിമർശിച്ചു. ആർക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല. കെ ചന്ദ്രശേഖർ റാവു മതപരമായ സംവരണം നൽകുന്നു. അത് ഭരണഘടനാ വിരുദ്ധമാണ്. മതന്യൂനപക്ഷങ്ങൾക്കുള്ള നാല് ശതമാനം സംവരണം തങ്ങൾ അവസാനിപ്പിക്കും. അത് പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.