ബീച്ചുകളോ വനങ്ങളോ ഒക്കെ സന്ദർശിക്കുമ്പോൾ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതിലൊന്നാണ് അവിടെയുള്ള ജീവികളെ ഉപദ്രവിക്കാതിരിക്കുക എന്നത്. അതുപോലെ ബീച്ചിൽ വച്ച് കടൽ സിംഹത്തിന് നേരെ കല്ലും മണലും വാരിയെറിഞ്ഞതിന് ഒരു കുട്ടിയോട് ഗാർഡ് ബീച്ചിൽ നിന്നും പോകാൻ പറഞ്ഞു.
കാലിഫോർണിയയിലെ സാൻ ഡിയാഗോയിലെ ഒരു ബീച്ചിലായിരുന്നു സംഭവം. അമ്മയ്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു മൂന്നോ നാലോ വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി. എന്നാൽ, അവിടെ വിശ്രമിക്കുകയായിരുന്ന ഒരു കടൽ സിംഹത്തിന് നേരെ കുട്ടി കല്ലും മണലും വലിച്ചെറിയാൻ തുടങ്ങി. എന്നാൽ, അമ്മ കുട്ടിയെ ശാസിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
എന്നാൽ, ഇത് കണ്ടുകൊണ്ടു നിന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് കുട്ടിയോട് എത്രയും പെട്ടെന്ന് ബീച്ച് വിട്ട് പോകണം എന്ന് നിർദ്ദേശിക്കുകയായിരുന്നു. ‘പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിച്ച പെൺകുട്ടി ബീച്ച് വിട്ട് പോവുക, നന്ദി’ എന്ന് ലൗഡ്‍സ്പീക്കറിലൂടെയായിരുന്നു ലൈഫ്ഗാർഡിന്റെ നിർദ്ദേശം.
ബീച്ച് സന്ദർശിക്കാൻ എത്തിയ ഒരു സ്ത്രീ ഈ രംഗങ്ങളെല്ലാം പകർത്തിയിരുന്നു. ലൈഫ്ഗാർഡിന്റെ നിർദ്ദേശം കുട്ടിയുടെ അമ്മയെ അമ്പരപ്പിച്ചു. മറൈൻ മാമ്മൽ പ്രൊട്ടക്ഷൻ ആക്ട് പറയുന്നത് ജീവികളിൽ നിന്നും നിശ്ചിതമായ അകലം ആളുകൾ പാലിക്കണം എന്നാണ്. അതിനാൽ തന്നെ ഇതുപോലെ ജീവികളെ ശല്യപ്പെടുത്തുന്നവരോട് സ്ഥലം വിട്ടുപോകാൻ പലപ്പോഴും ഗാർഡുകൾ പറയാറുണ്ട്.
ഏതായാലും സംഭവസ്ഥലത്ത് നിന്നും പകർത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. പലരും ‘ഇത്തരം സ്ഥലങ്ങളിൽ ചെല്ലുമ്പോൾ എന്തിനാണ് ഇങ്ങനെ ദ്രോഹം ചെയ്യുന്നത്’ എന്നാണ് ചോദിച്ചത്. അതുപോലെ പലരും കുട്ടിയുടെ അമ്മയെ ശക്തമായി വിമർശിച്ചു. ‘സ്വന്തം കുട്ടി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അമ്മ തടയണമായിരുന്നു’ എന്നാണ് പലരും പറഞ്ഞത്.