കോഴിക്കോട്: കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്ന് നിരീക്ഷിച്ച പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍, നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം, വിശ്വനാഥന്‍റെ മരണത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു.
ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ ചോദിച്ചു. പട്ടികവർഗ്ഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിനോട് കമ്മീഷന്‍ നിർദേശിച്ചു. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ കമ്മീഷൻ ബി എസ് മാവോജി പറഞ്ഞു. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷൻ ചോദിച്ചു. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോൾ ഉള്ള മനോഭാവം മാറണം. നിറം കറുപ്പായതിനാലും മോശം വസ്ത്രം ആയതിനാലും വിശ്വനാഥനെ ആളുകൾ കളിയാക്കി കാണും. ഇല്ലാത്തക്കുറ്റം ആരോപിച്ച് ആളുകൾ പീഡിപ്പിച്ചു കാണുമെന്നും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ നിരീക്ഷിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ നേരിട്ട് ഹാജരായ അസിസ്റ്റന്‍റ് കമ്മീഷണറോടാണ് കമ്മീഷന്‍റെ നിർദേശം.
അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ വച്ച് ആളുകള്‍ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്സാക്ഷികളുടെ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നു. ഇതിന് ശേഷമാണ് വിശ്വനാഥന്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്കോടിയതെന്നും സംഭവ ദിവസം ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല ആരോപിച്ചിരുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.