മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടക മോഡലില്‍ തെലങ്കാനയ്ക്കുള്ള ആറു വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടു. സംസ്ഥാന രൂപീകരണത്തില്‍ സോണിയ ഗാന്ധിയുടെ പങ്ക് ഓര്‍മ്മിപ്പിച്ചാണ് പ്രചാരണം. രണ്ടുദിവസത്തെ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഹൈദരാബാദ് തൂക്കുഗുഡ മൈതാനത്തെ വിജയഭേരി റാലിയില്‍ ശ്രദ്ധേയമായത് സോണിയ ഗാന്ധിയുടെ സാന്നിധ്യമാണ്. സംസ്ഥാന രൂപീകരണം എന്ന ഉറപ്പ് 2014 ല്‍ നടപ്പാക്കിയ സോണിയ ഗാന്ധിയെ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ,ഉള്‍പ്പെടെ ആറു വാഗ്ദാനങ്ങള്‍ സോണിയ ഗാന്ധി പ്രഖ്യാപിച്ചു.
നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതാണ് സോണിയയുടെ പ്രത്യേകതയെന്നും രാഹുല്‍ ഗാന്ധി അടിവരയിട്ടു. വിജയഭേരി റാലിയില്‍ കെസിആറിനെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി, കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ തൊടാത്തത് ബിആര്‍എസ്, ബി.ജെ.പിയുടെ ബന്ധുപാര്‍ട്ടിയായതു കൊണ്ടെന്ന് വിമര്‍ശിച്ചു.
എംപിമാര്‍ ഒഴികെയുള്ള പ്രവര്‍ത്തകസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ തെലങ്കാനയുടെ 119 മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് കെ സി ആര്‍ ഭരണത്തിനെതിരായ കുറ്റപത്രം വിതരണം ചെയ്യും.




















