കൊച്ചി : ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി സ്വപ്ന ഇന്ന് അഭിഭാഷകരെ കണ്ടേക്കും. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്വർണക്കടത്ത് കേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയ കേസെന്ന നിലപാടിലാണ് സ്വപ്ന. കൊച്ചിയിൽ എത്തി ഇന്ന് അഭിഭാഷകരെ കാണുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം പാലക്കാട് തന്നെ വച്ചായിരിക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ച.
ഇതിനിടെ തമിഴ്നാട്ടിലേക്ക് പോയ ഷാജ് കിരണും സുഹൃത്തും ഇന്നും കേരളത്തിൽ തിരിച്ചെത്തിയേക്കില്ല. സ്വപ്നയ്ക്കെതിരായ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നാണ് ഷാജ് കിരൺ ആവർത്തിക്കുന്നത്. സ്വപ്ന പുറത്ത് വിട്ട ശബ്ദരേഖയിൽ കൃത്രിമം നടത്തി തന്നെയും സുഹൃത്തിനെയും പ്രതിസ്ഥാനത്താക്കിയെന്നാണ് ഷാജിന്‍റെ ആരോപണം. എഡിറ്റ് ചെയ്യാത്ത ഫോൺ സംഭാഷണം തന്‍റെ ഫോണിലുണ്ടെന്നും ഇത് വീണ്ടെടുക്കാനായി സുഹൃത്ത് ഇബ്രാഹിമുമൊത്ത് തമിഴ്നാട്ടിലാണെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു. എന്നാൽ ഇരുവർക്കും ഇതുവരെ ശബ്ദരേഖ വീണ്ടെടുക്കാനായിട്ടില്ല. സ്വപ്ന സുരേഷിനെതിരെ ഷാജ് നൽകിയ പരാതിയിൽ പോലീസ് ഇന്ന് നടപടി തുടങ്ങിയേക്കും. തന്നെ കെണിയിൽപ്പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.