തേസ് പുർ (അസം): മൂന്നുവർഷത്തിനകം രാജ്യം നക്സൽ ശല്യത്തിൽനിന്ന് മോചിതമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സലോനിബരിയിൽ സശസ്ത്ര സീമാബലിന്റെ 60ാം റൈസിങ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സായുധ പൊലീസ് സേനകളിൽ സശസ്ത്ര സീമാബലിന്റെ സേവനം നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. തപാൽ സ്റ്റാമ്പും ആഭ്യന്തര മന്ത്രി പുറത്തിറക്കി.
ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ: മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു
ബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. തലസ്ഥാനമായ റായ്പൂരിൽനിന്ന് 400 കിലോമീറ്റർ അകലെ ബേലം ഗുട്ട മലയോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സംസ്ഥാന പൊലീസിന്റെ ജില്ല റിസർവ് ഗാർഡും സി.ആർ.പി.എഫിന്റെ കമാൻഡോ വിഭാഗവും ചേർന്നാണ് നക്സലുകളെ നേരിട്ടത്. മുതിർന്ന നേതാക്കളായ വിനോദ് വർമ, രാജു പുനെം, വിശ്വനാഥ്, ഗുഡ്ഡു തെലാം എന്നിവർ ബലാം നെദ്ര വനമേഖലയിൽ തമ്പടിച്ചതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്. വെടിവെപ്പിനൊടുവിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്ഥലത്തുനിന്ന് ആയുധങ്ങളും നക്സലുകളുടെ യൂനിഫോമും ലഘുലേഖകളും പിടിച്ചെടുത്തു. കൊല്ലപ്പെട്ടവർ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല.