അങ്കമാലി: കിടപ്പുമുറിക്ക് തീപിടിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം. അങ്കമാലി സെൻട്രൽ ജങ്ഷനിൽനിന്ന് 200 മീ. വടക്കുമാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ കൊച്ചുമോൻ എന്ന ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മത്തായി (39), മകൾ ജുവാന (എട്ട്), മകൻ ജസ്വിൻ (അഞ്ച്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച 4.30ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് തീപിടിച്ചത്. താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മ കുട്ടികളുടെ കരച്ചിൽ കേട്ടുണർന്ന് മുകളിലെത്തിയപ്പോൾ മുറിയിൽ തീ പടർന്നുപിടിച്ചതാണ് കണ്ടത്. പുറത്തെ മുറിയിൽ താമസിക്കുന്ന വീട്ടുജോലിക്കാരനായ ഒഡിഷ സ്വദേശി നിരഞ്ജനെ വിളിച്ചുവരുത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അയൽവാസികളെത്തി മുറി തുറക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ കഴിഞ്ഞില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും നാലുപേരും വെന്തുമരിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടിനും എ.സിയിൽനിന്ന് തീപടരാനുള്ള സാധ്യത യും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
അയ്യമ്പിള്ളി വീട്ടിൽ പരേതനായ കുര്യച്ചന്റെയും ചിന്നമ്മയുടെയും മകനായ ബിനീഷ് മലഞ്ചരക്ക് വ്യാപാരിയാണ്. വീട്ടുവളപ്പിൽ നാച്വറൽ സ്പൈസസ് എന്ന പേരിലും ടൗൺ ജുമാമസ്ജിദിന് സമീപം എ.പി.കെ സ്റ്റോഴ്സ് എന്ന പേരിലും മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളുണ്ട്.
രണ്ടുവർഷം മുമ്പ് വീടിനോട് ചേർന്ന മലഞ്ചരക്ക് ഗോഡൗണിലുണ്ടായ അഗ്നിബാധയെത്തുടർന്ന് ഭീമമായ നാശനഷ്ടം സംഭവിച്ചിരുന്നു. തൊടുപുഴ കരിമണ്ണൂർ മുളപ്പുറം കോശ്ശേരിൽ മത്തായിയുടെയും ചാച്ചമ്മയുടെയും മകളായ അനുമോൾ, മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ നഴ്സിങ് ട്യൂട്ടറാണ്. മഞ്ഞപ്ര സെന്റ് പാട്രിക് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ജുവാന. ജസ്വിൻ ഇതേ സ്കൂളിൽ യു.കെ.ജിയിൽ പഠിക്കുന്നു. ബിനീഷിന്റെ സഹോദരങ്ങൾ: ബിനോയി, ബിന്ദു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച 12.30ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.