ശ്രീനഗര്‍: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപക തട്ടിപ്പ് നടത്തിയ ദമ്പതികളെ ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധിപ്പേരെ ഇരുവരും ചേര്‍ത്ത് കബളിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീനഗര്‍ സ്വദേശിയായ മോഹന്‍ ഗാന്‍ജൂ ഭാര്യ അയൂഷ് കൗള്‍ ഗാന്‍ജൂ എന്നിരാണ് അറസ്റ്റിലായത്. നിരവധിപ്പേര്‍ക്ക് ജോലികളും സ്ഥലം മാറ്റവും മറ്റ് ഔദ്യോഗിക സഹായങ്ങളുമൊക്കെ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. മോഹന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും ഭാര്യ ഐഎഎസ് ഉദ്യോഗസ്ഥയാണെന്നും അവകാശപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. വ്യാജ നിയമന ഉത്തരവുകളും സ്ഥലംമാറ്റ ഉത്തരവുകളുമെല്ലാം പൊലീസ് അന്വേഷണത്തില്‍ കണ്ടെടുത്തു. ഐപിഎസിലേക്കുള്ള സ്വന്തം നിയമന ഉത്തരവും ഇയാള്‍ ഇത്തരത്തില്‍ തയ്യാറാക്കിയിരുന്നു.
എന്നാല്‍ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് മോഹനെന്ന് പൊലീസ് പറയുന്നു. വ്യാജ നിയമന ഉത്തരവുകളും സ്ഥലം മാറ്റ ഉത്തരവുകളും നിര്‍മിക്കാന്‍ ഉപയോഗിച്ച ലാപ്‍ടോപ്പുകളും മൊബൈല്‍ ഫോണുകളും ഇവയില്‍ നിര്‍മിച്ച നിരവധി വ്യാജ ഉത്തരവുകളും കണ്ടെടുത്തു. പണവും ആഭരണങ്ങളും മറ്റ് സാധനങ്ങളുമെല്ലാം ഇവരുടെ വീട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ദമ്പതികള്‍ക്കെതിരെ ഇതുവരെ മൂന്ന് പേരാണ് പരാതി നല്‍കിയത്. എന്നാല്‍ എന്നാണ് ഇയാളെ പൊലീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തതെന്നും എന്തായിരുന്നു കാരണമെന്നും വ്യക്തമല്ല. തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
സമാനമായ തരത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് ഒരു ഗുജറാത്ത് സ്വദേശി കാശ്മീരില്‍ തട്ടിപ്പ് നടത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനത്തെ മുഴുവന്‍ കബളിപ്പിച്ച ഇയാള്‍ കശ്മീരിലൂടെ സന്ദര്‍ശിക്കാന്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനവും സംഘടിപ്പിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഔദ്യോഗിക താമസം ഉറപ്പാക്കുകയും ചെയ്തു. നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളും ഇയാള്‍ നടത്തിയത്രെ.