തിരുവനന്തപുരം: കഴിഞ്ഞ ഒന്‍പത് മാസമായി ജയിലില്‍ കഴിയുന്ന മയക്കുമരുന്ന് വില്‍പനക്കാരന് കോടതി ജാമ്യം നിഷേധിച്ചു. മയക്ക് മരുന്ന് കേസില്‍ ജയിലിലായ ഇയാള്‍ ജയിലില്‍ വച്ച് പോലും മയക്ക് മരുന്ന് ഉപയോഗിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേശവദാസപുരം ലക്ഷമീ നഗര്‍ സാഗില്‍ വീട് ഇ-5-ല്‍ സജിയുടെ ജാമ്യ ഹര്‍ജിയാണ് കോടതി തളളിയത്. ആറാം അഢീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതി കഴിഞ്ഞ ഒന്‍പത് മാസമായി തടവിലാണെന്നും പ്രതിക്ക് അയാളുടേതായ അവകാശമുണ്ടെന്നും കേസ് കെട്ടി ചമച്ചതാണെന്നും പ്രതിക്ക് വേണ്ടി ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിയമിച്ച ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ കോടതിയില്‍ നേരിട്ട് എത്തി വാദിച്ചിരുന്നു.
മയക്ക് മരുന്ന് വില്‍പനക്കാരനായ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് പൊതു സമൂഹത്തോട് ചെയ്യുന്ന അനീതിയാകുമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ വാദിച്ചു. മാത്രമല്ല പ്രതി ഇത്രയധികം സുരക്ഷയുളള ജയിലില്‍ വച്ച് പോലും മയക്ക് മരുന്ന് ഉപയോഗിച്ചത് നിസാരമായി കാണാനാകില്ല.
പ്രതി ജയിലിലായിട്ടും അയാലുടെ മയക്ക് മരുന്ന് ശൃംഘലയുടെ കണ്ണികള്‍ മുറിഞ്ഞിട്ടില്ലെന്ന് ഇത് തെളിയിക്കുന്നതായി പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ചീഫ് ഡിഫന്‍സ് കൗണ്‍സിലിന്റെ വാദം തളളിയാണ് പ്രതിയുടെ ജാമ്യം നിഷേധിച്ചത്.