ദില്ലി: ഇഷ്ടപ്പെട്ട വ്യക്തിയെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുന്നത് മനുഷ്യബന്ധത്തിൻ്റെ പൂർത്തീകരമാണെന്നും അതിൽ മറ്റുള്ളവർക്ക് ഇടപെടാൻ അവകാശമില്ലെന്നും അലഹബാദ് ഹൈക്കോടതി. ഭാര്യയെ വിട്ടുകിട്ടണമെന്ന് കാട്ടി ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം. ഭാര്യയെ അവരുടെ കുടുംബാംഗങ്ങൾ ബലമായി കൊണ്ടുപോയെന്നാരോപിച്ചാണ് യുവാവ് ഹേബിയസ് കോർപ്പസ് ഹർജിയുമായി കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയായ യുവതി, യുവാവിനൊപ്പം ജീവിക്കാൻ തയ്യാറാണെന്നും കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗിന്റെ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
സമ്മത പ്രകാരം രണ്ട് മുതിർന്നവർ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മനുഷ്യബന്ധത്തിന്റെ പൂർത്തീകരണമാണെന്നും ഇക്കാര്യത്തിൽ വ്യക്തികൾക്ക് ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. താനും ഭാര്യയും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നും രജിസ്‌റ്റർ ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പങ്കാളികളായി സന്തോഷത്തോടെ ജീവിതം നയിക്കുന്നതിനിടെ, കഴിഞ്ഞ വർഷം നവംബറിൽ ഭാര്യയുടെ അച്ഛനും അമ്മാവനും ബന്ധുക്കളായ സഹോദരന്മാരും ഉൾപ്പെടെയുള്ളവർ എത്തി യുവതിയെ നിർബന്ധിച്ച് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും യുവാവ് ആരോപിച്ചു.
കോടതിയുടെ നിർദേശപ്രകാരം യുവതിയുടെ കുടുംബാംഗങ്ങളും യുവതിയും കോടതിയിൽ നേരിട്ട് ഹാജരായി. ഹരജിക്കാരനെ ആര്യസമാജ് മന്ദിറിൽ വച്ച് വിവാഹം കഴിച്ചതായും വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായും യുവതി കോടതിയിൽ അറിയിച്ചു. ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്ത ശേഷം ഭർത്താവിനെതിരെ പോക്‌സോ പ്രകാരം കേസുകൊടുക്കാൻ നിർബന്ധിതയായെന്നും യുവതി കോടതിയെ അറിയിച്ചു. ഹർജിക്കാരനായ യുവാവ് ഭർത്താവാണെന്നും അദ്ദേഹത്തോടൊപ്പം പോകാനും ദാമ്പത്യ ജീവിതം നയിക്കാനും തയ്യാറാണെന്നും അവർ കോടതിയെ അറിയിച്ചു.
യുവതിയെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയപ്പോൾ അടുത്ത ദിവസം തന്നെ പിതാവിനെതിരെ ബാഗ്പത് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയതായി അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചും യുവതിയുടെ ഇഷ്ടം കണക്കിലെടുത്തുമാണ് ഹൈക്കോടതി ഹർജി പരിഗണിച്ചത്.