മലപ്പുറം: മകളെ പത്തു വയസ് മുതൽ 17 വയസുവരെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന കേസിൽ പിതാവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി 104 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (രണ്ട്) ശിക്ഷിച്ചത്. ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്ന വീട്ടിൽ വച്ചാണ് പ്രതിയുടെ ലൈംഗികാതിക്രമം. 2006ൽ ജനിച്ച പെൺകുട്ടിയെ പ്രതി പത്താമത്തെ വയസു മുതൽ 2023 മാർച്ച് 22 വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പിതാവ് തന്നെയാണ് അരീക്കോട് ആശുപത്രിയിൽ കാണിച്ചത്. കുട്ടി ഗർഭിണിയാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതോടെയാണ് പീഡന വിവരം പുറത്താകുന്നത്.
ഡോക്ടർമാരുടെ നിർദേശ പ്രകാരം ഗർഭഛിദ്രം നടത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പരാതിയിൽ അരീക്കോട് പൊലീസ് കേസെടുത്തു. അരീക്കോട് പൊലീസ് ഇൻസ്പെക്ടറായിരുന്ന എം. അബ്ബാസലി, സബ് ഇൻസ്പെക്ടർ എം. കബീർ, അസി. സബ് ഇൻസ്പെക്ടർ കെ. സ്വയംപ്രഭ എന്നിവരാണ് 2023 ഏപ്രിൽ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും.
റിമാൻഡിലായ പ്രതി പരാതിക്കാരിയെ സ്വാധീനിക്കുമെന്നതിനാൽ കേസ് തീരും വരെ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വയ്ക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനം വരെ എന്നാണെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു.
പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. എ.എൻ. മനോജ് 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ആയിഷ കിണറ്റിങ്ങൽ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.