ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ പശുവിന് വേദനയിൽ നിന്ന് ആശ്വാസമായി. ഗോശാലയിലെ പശുക്കളിൽ ഒന്നിനായിരുന്നു ഏറെ നാളായി തീറ്റ കഴിക്കാതെ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതും വേദനയിൽ വലഞ്ഞതും. ഈ പശുവിന്‍റെ വേദനയുടെ കാരണം കണ്ടെത്തി മണിക്കൂറുകൾ നീണ്ട ശസ്ത്രക്രീയയിലൂടെ പരിഹാരമായെന്നുമുള്ള വാർത്ത പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
പശുവിന്റെ സ്ഥിതി മോശമായതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ വിവരം അറിയിച്ചെന്നും ഉടൻ തന്നെ മണ്ണുത്തി വെറ്ററിനറി കോളേജിലെ മേധാവികൾക്ക് അടിയന്തിര ചികിത്സ നൽകാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്നും ശസ്ത്രക്രിയ വിദഗ്ധർ ഗോശാലയിൽ എത്തി നടത്തിയ വിശദമായ പരിശോധനയിൽ കുടലിനോട് ചേർന്ന് വലിയ മുഴ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. വിശദ പരിശോധനയ്ക്കായി നീക്കം ചെയ്ത ഭാഗം മണ്ണുത്തി വെറ്ററിനറി കോളേജിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനുശേഷം തുടർ ചികിത്സാ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ കുറിപ്പ്
ഇടപെടൽ ഫലം കണ്ടു.
അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ പശുവിന് വേദനയിൽ നിന്ന് ആശ്വാസം.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളിൽ ഒന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി തീറ്റ കഴിക്കാതെ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്പലപ്പുഴ മൃഗാശുപത്രിയിൽ അറിയിക്കുകയും, ഡോക്ടർ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ പശുവിന്റെ സ്ഥിതി മോശമായതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ വിവരം അറിയിച്ചു. ഉടൻ തന്നെ മണ്ണുത്തി വെറ്ററിനറി കോളേജിലെ മേധാവികൾക്ക് അടിയന്തിര ചികിത്സ നൽകാൻ നിർദ്ദേശം നൽകി. മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്നും ശസ്ത്രക്രിയ വിദഗ്ധർ ഗോശാലയിൽ എത്തി നടത്തിയ വിശദമായ പരിശോധനയിൽ കുടലിനോട് ചേർന്ന് വലിയ മുഴ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. വിശദ പരിശോധനയ്ക്കായി നീക്കം ചെയ്ത ഭാഗം മണ്ണുത്തി വെറ്ററിനറി കോളേജിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്.പരിശോധന ഫലം വന്നതിനുശേഷം തുടർ ചികിത്സാ പദ്ധതി തയ്യാറാക്കും. ഗോശാലയിലെ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് പശുവിനെ സംരക്ഷിച്ചു വരുന്നു.
മണ്ണുത്തി വെറ്ററിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ Dr.റെജി വർഗീസ്, Dr.നിബിൻ തുടങ്ങിയ നാലാംഗ സംഘം അമ്പലപ്പുഴയിലെ ഡോക്ടർമാരായ Dr.മേരി ലിസി, Dr. ബിജു, Dr. രതീഷ്, Dr. സന്തോഷ് പണിക്കർ, Dr. ഉണ്ണികൃഷ്ണൻ (ചീഫ് വെറ്റിനറി ഓഫീസർ റിട്ടയേർഡ് )തുടങ്ങിയവർ ഈ ദൗത്യത്തിൽ പങ്കെടുത്തു.