തിരുവനന്തപുരം : 2021-22 വർഷത്തെ സംസ്ഥാനത്തെ മികച്ച തദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തു. മാർക്കുകൾ മാനദണ്ഡപ്രകാരം നിജപ്പെടുത്തുന്നതിനായി മാനദണ്ഡങ്ങളിൽ തിരുത്തലുകൾ വരുത്തണമെന്ന് പഞ്ചായത്ത് ഡയറക്ടർ കത്ത് നൽകി.
നിശ്ചയിച്ചിട്ടുള്ള അർഹതാ മാനദണ്ഡങ്ങളിൽ മെയ്ന്റനൻസ് ഗ്രാന്റിന്റെ വിനിയോഗം എന്ന ഇനത്തിൽ ഉചിതമായ ഭേദഗതി വരുത്തുവാൻ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് കൺവീനറും കത്ത് നൽകിയിരുന്നു. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയത്.
2021-22 വർഷത്തെ സംസ്ഥാനത്തെ മികച്ച തദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം പ്രകാരം ബ്ലോക്ക് പഞ്ചായത്തുകളിൽ 60 ശതമാനത്തിനു മുകളിൽ ചെലവഴിച്ചിരിക്കണം. ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും 50 ശതമാനത്തിനു മുകളിൽ ചെലവഴിച്ചിരിക്കണം.
മറ്റ് മാനദണ്ഡങ്ങൾ
ജില്ലാ പഞ്ചായത്തിൽ അങ്കണവാടികൾക്ക് സ്ഥലം, കെട്ടിട നിർമാണം എന്നിവക്കായി ഗ്രാമപഞ്ചായച്ചുകളുമായി സംയുക്തമായോ ഒറ്റക്കോ പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ രണ്ട് മാർക്ക് നൽകും. പാൽ, മുട്ട, മാംസം എന്നിവയിൽ ഏതെങ്കലും ഒന്നിൽ ജില്ലയെ സ്വയം പര്യാപ്തമാക്കുന്നതിന് ഉതകുന്ന പദ്ധതി നേരിട്ടോ സംയുക്തമായോ നടപ്പാക്കിയിട്ടുണ്ടെങ്കിൽ രണ്ട് മാർക്ക് നൽകും. നേരത്തെ ഇതിന് രണ്ടിനും നാല് മാർക്കായിരുന്നു.
ഭിന്നശേഷി സ്കോളർഷിപ്പ് നൽകുന്നതിന് ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിൽ രണ്ട് മാർക്ക് ലഭിക്കും. നേരത്ത് ഇത് മൂന്ന് ആയിരുന്നു. എസ്.സി- എസ്.ടി വിഭാഗങ്ങൾക്ക് ലഭ്യമായ സേവനങ്ങൾക്ക് അഞ്ച് മാർക്ക് എന്നത് ആറ് മാർക്കായി തിരുത്തൽ വരുത്തി.
ഗ്രാമപഞ്ചായത്തിൽ ഹരിത കർമ സേനയുടെ അക്കൗണ്ട് രജിസ്റ്റർ കൃത്യമായി എഴുതി തയാറാക്കി ഓഡിറ്റ് നടത്തി സുക്ഷിച്ചിട്ടുണ്ടെങ്കിൽ രണ്ട് മാർക്ക് ലഭിക്കും. പാലിയേറ്റീവ് കെയർ സംവിധാനും ഭവന സന്ദർശന സൗകര്യവുമുണ്ടെങ്കിൽ രണ്ട് മാർക്ക്, യൂത്ത് ക്ലബ് ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിൽ രണ്ട് മാർക്ക്, അവാർഡിന് പരിഗണിക്കുന്ന വർഷം ആസ്തി രജിസ്റ്റർ കാലികമാക്കി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ നാല് മാർക്ക്, സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് പഞ്ചായത്തുകൾ മാർക്കറ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൂന്ന് മാർക്ക് എന്നിങ്ങനെ 13 മാർക്ക് നൽകുമെന്നാണ് ഉത്തരവ്.