ദില്ലി : 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വർഷം ആദ്യം മെയ് 23 ന് ആരംഭിച്ചിരുന്നു. ഈ ആഴ്ച ആളുകൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന അവസരമാണ്. പ്രത്യേക പരിധിയില്ലാതെ വ്യക്തികൾക്ക് 2000 രൂപ നോട്ടുകൾ അതത് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് ആർബിഐ അറിയിച്ചു. സാധാരണ KYC ആവശ്യകതകളും മറ്റ് നിയമപരമായ നിക്ഷേപ മാനദണ്ഡങ്ങളും തുടർന്നും ബാധകമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഒരു BSBD (ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്) അല്ലെങ്കിൽ ജൻധൻ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് പതിവ് നിക്ഷേപ പരിധികൾ പ്രാബല്യത്തിൽ തുടരും. അതായത് ഈ അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുകയിൽ കൂടുതലുള്ള 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ നിശ്ചിത പരിധികൾ പാലിക്കേണ്ടതുണ്ട്. ആദായനികുതി ചട്ടങ്ങളിലെ റൂൾ 114 ബി അനുസരിച്ച് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒറ്റ ദിവസം കൊണ്ട് 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുമ്പോൾ വ്യക്തികൾ അവരുടെ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) നൽകണം.