ലഹൈന: ഹവായിയിലെ മൗയിയിലുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67ായി. വെള്ളിയാഴ്ചയാണ് 12 പേര്‍ കൂടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങളാണ് കാട്ടുതീയിൽ കത്തിയമർന്നത്. ‘ഹവായിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം’ എന്നാണ് വ്യാഴാഴ്ച ഗവർണർ ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്. തീപിടിത്തത്തെ വൻദുരന്തമായി അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. ഹവായിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്ന ലഹൈനയെയും കാട്ടുതീ വിഴുങ്ങിയിരുന്നു. ഇവിടെയുണ്ടായിരുന്ന താമസക്കാര്‍ക്ക് കാട്ടുതീക്ക് ശേഷം ആദ്യമായി ഇവിടേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ദശാബ്ദങ്ങള്‍ക്ക് ഇടയിലുണ്ടായ ഏറ്റവും രൂക്ഷമായ ദുരന്തമാണ് ഹവായിലുണ്ടായത്. 1960 ലെ സുനാമിയില്‍ 61 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതിലും രൂക്ഷമായ ആള്‍ നാശമുണ്ടായ 1946ലെ സുനാമിയേക്കാള്‍ രൂക്ഷമാണ് നിലവിലെ കാട്ടുതീയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാട്ടുതീ മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് രക്ഷപ്പെട്ടവര്‍ വിശദമാക്കുന്നത്. അതിനാല്‍ തന്നെ കാട്ടുതീ തൊട്ട് അടുത്ത് എത്തിയപ്പോഴാണ് അറിഞ്ഞതെന്നാണ് ദ്വീപ് വാസികള്‍ പറയുന്നത്. ആയിരക്കണക്കിന് പേരെയാണ് ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. പതിനായിരത്തോളം പേർ ഇപ്പോഴും ദ്വീപിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. വൈദ്യുതി, ഇന്‍റർനെറ്റ് സൗകര്യങ്ങൾ എല്ലാം തന്നെ ദ്വീപിൽ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ചൊവ്വാഴ്ച മൗയിയിൽ കുറഞ്ഞത് വലിയ നാല് കാട്ടുതീയെങ്കിലും പടർന്നതാണ് വൻദുരന്തത്തിന് കാരണമായത്.
ബുധനാഴ്ച രാത്രിയില്‍ ഒരു പരിധിവരെയും നിയന്ത്രണവിധേയമായിരുന്ന തീ പിന്നീടങ്ങോട്ട് സർവനാശം വിതച്ച് പടരുകയായിരുന്നു. കനത്ത കാറ്റാണ് തീപിടിത്തത്തെ ഇത്രയേറെ ദുരന്തത്തിലേക്ക് എത്തിച്ചത് എന്നാണ് വിലയിരുത്തല്‍. ഹവായിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്ന ലഹൈന കാട്ടുതീയിൽ അപ്പാടെ കത്തിയമർന്നു. ഭയന്ന ആളുകളിൽ പലരും ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പസഫിക് സമുദ്രത്തിലേക്ക് എടുത്തുചാടി. പിന്നീട്, യുഎസ് കോസ്റ്റുഗാർഡുകളാണ് പലരേയും രക്ഷിച്ചത്. പ്രദേശവാസികളും വിനോദസഞ്ചാരികളും കാറിലും ബോട്ടിലുമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്. പൊള്ളലേറ്റ പലരേയും വിമാനത്തിൽ ഒവാഹു ദ്വീപിലേക്ക് മാറ്റി.