ബോളിവുഡില്‍ ഏറ്റവും മികച്ച രീതിയില്‍ ഡാൻസ് ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. സംഘട്ടന രംഗങ്ങളിലും മികവ് കാട്ടിയ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന് ഹൃത്വിക് റോഷൻ പറയുന്നു. ആക്ഷനും ഡാൻസും ചെയ്യാൻ പാടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ.
‘കഹോ നാ പ്യാര്‍’ ചെയ്യുന്ന സമയത്ത് തന്റെ ആരോഗ്യാവസ്ഥ നല്ലതല്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ ആക്ഷൻ സിനിമകളും ഡാൻസും ചെയ്യാൻ പാടില്ല എന്നും പറഞ്ഞു. ഞാൻ അത് വെല്ലുവിളിയായി ഏറ്റെടുത്തു. ആരോഗ്യത്തിലും ഫിറ്റ്‍നെസസ്സിലും കൂടുതല്‍ ശ്രദ്ധ നല്‍കി. ഇതുവരെ കുറെ സിനിമകള്‍ ചെയ്‍തു. ഇപ്പോള്‍ തന്റെ ഇരുപത്തിയഞ്ചാം സിനിമയില്‍ എത്തിനില്‍ക്കുമ്പോള്‍ ഞാൻ സന്തോഷവനാണ്. ഇരുപത്തിയൊന്നുകാരനായ ഞാൻ ഇന്നത്തെ എന്നെ ഓര്‍ത്ത് അഭിമാനിക്കുമെന്ന് തോന്നുന്നുവെന്നും ‘വിക്രം വേദ’ എന്ന സിനിമയുടെ സോംഗ് ലോഞ്ചില്‍ ഹൃത്വിക് റോഷൻ പറഞ്ഞു.
പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ സംവിധാനം ചെയ്യുന്ന ‘വിക്രം വേദ’യുടെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിംവര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ‘വിക്രമും’ ‘വേദ’യുമായി എത്തുന്നത് സെയ്‍ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്.
നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രമായിരുന്നു ‘വിക്രം വേദ’. വൻ ബജറ്റുകളില്‍ എത്തിയ ചിത്രങ്ങള്‍ ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ സെപ്‍തംബര്‍ 30ന് റിലീസ് ചെയ്യാനിരിക്കുന്ന ‘വിക്രം വേദ’യുടെ റീമേക്കില്‍ ഒരു രക്ഷകനെ തേടുന്നുണ്ട് ആരാധകര്‍. ടീസറും ട്രെയിലറും ബോളിവുഡ് സിനിമാ ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ബോളിവുഡ് ചിത്രം ബ്രഹ്‍മാസ്‍ത്ര മികച്ച കളക്ഷൻ നേടുന്നുണ്ട്.