നായകൾക്ക് തങ്ങളുടെ ഉടമകളോട് അടുപ്പം ഉള്ളത് പോലെ തന്നെ താമസിച്ചിരുന്ന വീടിനോടും വല്ലാത്ത അടുപ്പം കാണും. ഏതെങ്കിലും ഒരിടത്തോട് അടുപ്പത്തിലായിക്കഴിഞ്ഞാൽ അവിടെ നിന്ന് പോവുക എന്നത് എത്ര ദുഷ്കരമായ അവസ്ഥയിലും അവരെ സംബന്ധിച്ച് കഠിനമാണ്. അതു തന്നെയാണ് ഈ നായയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
ഒരു നായ പുതിയ ഉടമയുടെ വീട്ടിൽ നിന്നും താൻ നേരത്തെ താമസിച്ചിരുന്ന വീട്ടിലേക്ക് തിരികെ പോയി. അതും കുറച്ചൊന്നുമല്ല അതിന് വേണ്ടി നായ നടന്നത്. 64 കിലോമീറ്റർ നടന്നാണ് നായ തന്റെ പഴയ ഉടമയുടെ വീട്ടിലേക്ക് തിരികെ പോയത്. കൂപ്പർ എന്ന ഗോൾഡൻ റിട്രീവറിനെ ഒരു മാസം മുമ്പാണ് കാണാതായത്. പിന്നാലെയാണ് നായ നടന്നു നടന്ന് പഴയ വീട്ടിലേക്ക് തിരികെ പോയ കാര്യം അറിയുന്നത്.
നോർത്തേൺ അയർലൻഡിലെ കൗണ്ടി ടൈറോണിലെ ഡംഗാനനിലുള്ള തന്റെ പുതിയ വീട്ടിൽ ഏതാനും മണിക്കൂറുകൾ ചെലവഴിച്ചാണ് നായ പഴയ വീട്ടിലേക്ക് പോയത്. നായയെ നോക്കാൻ സാധിക്കാത്തതിനാൽ അവന്റെ പഴയ ഉടമയും കുടുംബവും അവനെ ഷെൽട്ടർ ഹോമിലേക്ക് അയക്കുകയായിരുന്നു. അവിടെ നിന്നാണ് പുതിയ ഒരു കുടുംബം അവനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. എന്നാൽ, അപ്പോഴും താൻ നേരത്തെ താമസിച്ചിരുന്ന വീടിനോട് വലിയ അടുപ്പത്തിലായിരുന്നു നായ.
പിന്നീട്, നായയെ കാണാതായി. അതോടെ പുതിയ ഉടമയും കുടുംബവും അവനു വേണ്ടി ഒരുപാട് തിരഞ്ഞു. പിന്നാലെയാണ് ഒരു ചാരിറ്റി അവൻ തന്റെ പഴയ വീട്ടിലേക്ക് റോഡിലൂടെയും മരങ്ങൾക്കിടയിലൂടെയും ഒക്കെയായി 64 മൈൽ നടന്നതായി കണ്ടെത്തിയത്. ചാരിറ്റിയായിരുന്നു കൂപ്പറിനെ കണ്ടെത്താൻ സഹായിച്ചതും. കൂപ്പറിന്റെ ചിത്രം പ്രചരിച്ചതോടെ ഒരാൾ അവൻ പഴയ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുന്നത് കണ്ടതായി അറിയിക്കുകയായിരുന്നു. പിന്നാലെ നായയെ കണ്ടെത്തി.
ഇപ്പോൾ അവൻ പുതിയ വീടിനോടും വീട്ടുകാരോടും ഇണങ്ങി വരികയാണ് എന്നും ആരോഗ്യവാനാണ് എന്നും ചാരിറ്റി പറയുന്നു.