ബൊഡിമെട്ട്: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണെന്ന് മോട്ടോർ വാഹന വകുപ്പ്. സംഭവ സ്ഥലത്ത് ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർ ടി ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം വിശദമാക്കിയത്.
ശനിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിനു സമീപം പാപ്പാത്തി വളവിൽ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. തിരുനെൽവേലിയിൽ നിന്നും മൂന്നാറിലേക്ക് വിവാഹത്തിനു വന്ന വാഹനമാണ് അപടകടത്തിൽ പെട്ടത്. ഏഴ് വയസ്സുള്ള കുട്ടിയടക്കം നാലുപേരാണ് അപകടത്തിൽ മരിച്ചത്. ഇതേ തുടർന്നാണ് എൻഫോഴ്സ്മെൻറ് ആർ ടി ഒ സ്ഥലത്ത് പരിശോധന നടത്തിയത്. മുമ്പും നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി വളവുകൾ തിരിച്ചറിയുന്നതിന് വേണ്ട സൂചന ബോർഡുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും റോഡിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ പുതിയതായി നിർമ്മിച്ച റോഡിലൂടെ അമിതവേഗതയിലുള്ള യാത്ര വലിയ അപകടങ്ങൾക്ക് ഇനിയും കാരണമാകുമെന്നാണ് ഇടുക്കി എൻഫോഴ്സ്മെൻറ് ആർടിഒ പി എ നസീർ പ്രതികരിക്കുന്നത്.