തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ സജീവമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടുയന്ത്രങ്ങളുടെ പ്രാഥമിക ഘട്ട പരിശോധന സെപ്റ്റംബർ 18ന് ആരംഭിക്കും. വോട്ടർപട്ടിക പുതുക്കലും നടന്നുവരികയാണ്. ജില്ല കലക്ടർമാർക്കും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർമാർക്കുമായി യന്ത്രങ്ങളുടെ പ്രാഥമിക ഘട്ട പരിശോധന സംബന്ധിച്ച് ശനിയാഴ്ച തൃശൂർ പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കമീഷൻ ശിൽപശാല സംഘടിപ്പിക്കും.പൊതു തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് യന്ത്രങ്ങളുടെ പ്രാഥമിക ഘട്ട പരിശോധന നടത്തണമെന്നാണ് നിർദേശം. ഈ പരിശോധന പതിവ് നടപടിക്രമമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. യന്ത്രങ്ങളുടെ നിർമാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ എൻജിനീയർമാരുടെ നേതൃത്വത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ജില്ലകളിലെ പരിശോധന.
യന്ത്രങ്ങൾ പൂർണസജ്ജമെന്ന് ഉറപ്പാക്കാനാണ് പരിശോധന. ഉപതെരഞ്ഞെടുപ്പ് ഒഴിവുണ്ടായാൽ ഒരു മാസത്തിനകവും നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ 120 ദിവസത്തിനകവും ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ 180 ദിവസത്തിനകവും യന്ത്രങ്ങൾ പരിശോധിക്കണമെന്നാണ് ചട്ടം. ജില്ല കലക്ടർ (ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ) ആണ് പരിശോധനക്ക് നേതൃത്വം നൽകുക.പ്രാഥമിക ഘട്ട പരിശോധനക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മേൽനോട്ടം വഹിക്കും. കലക്ടർമാർക്ക് യന്ത്രങ്ങളുടെ പ്രാഥമിക ഘട്ട പരിശോധനയുടെ പ്രക്രിയ മനസ്സിലാക്കാനും മേൽനോട്ടം വഹിക്കാൻ പ്രാപ്തരാക്കാനുമായാണ് ശിൽപശാല. കരട് വോട്ടർ പട്ടിക ഒക്ടോബർ 17ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ നവംബർ 30വരെ നൽകാം.