ദില്ലി: സോണിയ ഗാന്ധിയുടെ ‘കര്‍ണാടകയുടെ പരമാധികാരവും അഖണ്ഡതയും’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ പരാമർശത്തിനെതിരെ സോണിയ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്.
സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് വ്യക്തമാക്കാനും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനും ആവശ്യപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന് നല്‍കിയ കത്തില്‍ പറയുന്നു. ‘കര്‍ണാടകത്തിന്റെ സല്‍പ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരേയും അനുവദിക്കില്ല’ എന്ന സോണിയ ഗാന്ധിയുടെ പ്രസംഗം കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്.
കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മീഷന്‍ നിര്‍ദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്നാണ് ബിജെപിയുടെ പരാതി. കര്‍ണ്ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്.