തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എം പിയുമായ പി കെ ബിജുവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി സതീഷ്കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിൽ ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സതീഷ്കുമാറിന്, ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കരയുടെ ആരോപണം ബിജു നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം, മുൻ മന്ത്രി എ സി മൊയ്തീനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇഡി വിട്ടയച്ചത്. മൊഴിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകണോ എന്നതിൽ ഇഡി തീരുമാനമെടുക്കും.
പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എസി മൊയ്തീൻ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മൊയ്തീൻ, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകുമെന്നും വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നൽകിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ എ.സി മൊയ്തീൻ എം എല്‍ എ ചോദ്യം ചെയ്യലിനായി ഹാജരായത്. രണ്ടു തവണ നോട്ടീസ് കിട്ടിയിട്ടും എത്താതിരുന്ന എ സി മൊയ്തീൻ മൂന്നാമതും നോട്ടീസ് കിട്ടിയതോടെയാണ് ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായത്. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി വായ്പ നേടിയത് എ.സി മൊയ്തീൻ എംഎല്‍എയുടെ ശുപാർശ പ്രകാരമാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍.