കൊല്ലം : കൊല്ലം ഓയൂരിൽ കാണാതായ 6 വയസ്സുകാരിക്കായി സംസ്ഥാനം മുഴുവൻ പരിശോധന നടത്താൻ നിർദേശം നൽകിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ത്വരിതഗതിയിൽ നടക്കുകയാണ്. കാണാതായ 6 വയസ്സുകാരിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.
തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നിൽ 4 അംഗ സംഘമാണെന്നാണ് സൂചന. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.