സുല്‍ത്താന്‍ ബത്തേരി: കേരള കർണാടക അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത് കഞ്ചാവ് തോട്ടം. ഒന്നും രണ്ടുമല്ല തഴച്ചുവളർന്ന 26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം കണ്ടെത്തിയത്. ബൈരക്കുപ്പയിലെ കടൈഗദ്ധ പ്രദേശത്ത് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ നിലയിലാണ് ചെടികള്‍ കണ്ടെത്തിയത്.
ആര്‍ക്കും കാണാന്‍ കഴിയുന്ന ഇടത്ത് നട്ടുവളര്‍ത്തിയ ചെടികള്‍ക്ക് ഉദ്ദേശം മൂന്ന് അടി വീതം നീളമുണ്ടായിരുന്നു. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശാനുസരണം കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വയനാട് എക്‌സൈസ് പാര്‍ട്ടി കര്‍ണാടക എക്സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരിശോധന നടത്തിയത്. കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ വേരോടെ പിഴുത് പൂർണമായും നശിപ്പിച്ചു.
എച്ച്.ഡി കോട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിവ്യശ്രീ, വയനാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജി, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍മാരായ വി.ആര്‍. ബാബുരാജ്, വി.രാജേഷ്, കെ.ഇ.എം.യു പ്രിവന്റീവ് ഓഫീസര്‍ ഇ.സി.ദിനേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ആര്‍. ധന്വന്ത്, പി. വിപിന്‍, ഇ.ആര്‍. രാജേഷ്, ഐ.ബി ഡ്രൈവര്‍ കെ. പ്രസാദ്, കര്‍ണാടക എക്സൈസ് കോണ്‍സ്റ്റബിള്‍മാരായ കൃഷ്ണപ്പ, ഭരത്, ശിവമൂര്‍ത്തി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.