വയനാട്: മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന് കുടുംബം. തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ രമ്യ പറഞ്ഞു. ഷിജു ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പണം നല്‍കിയവരിൽ ഒരാൾ കടയിൽ കയറി ആക്രമിച്ചെന്ന് ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കി.
ജൂലൈ 12നാണ് മേപ്പാടിയിലെ കെ എസ് ബേക്കറി ഉടമയായ ഷിജു കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചത്. കടബാധ്യതയാണ് ഷിജുവിന്‍റെ മരണത്തിന് കാരണമെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ഷിജുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ലോക്‍ഡൗൺ കാലത്ത് കച്ചവടത്തിൽ ലക്ഷങ്ങളുടെ നഷ്ടം നേരിട്ടതോടെ ഷിജു ബ്ലേഡുകാര്‍ക്ക് മുന്നിൽ തലവെച്ചു. തിരിച്ചടവ് മുടങ്ങിയതോടെ വീട്ടിലും കടയിലും എത്തി ഗുണ്ടാ സംഘം ഷിജുവിനെ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ രമ്യ പറഞ്ഞു.
ഷിജു ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് പണം നൽകിയവരിൽ ഒരാൾ ബേക്കറിയിൽ എത്തി ബഹളമുണ്ടാക്കി. ഷിജുവിനെ പിന്നീട് കയ്യേറ്റം ചെയ്തെന്നും കുടുംബം പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. പതിമൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളാണ് ഷിജുവിന് ഉള്ളത്. ഷിജുവിന്‍റെ അസ്വഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മേപ്പാടി പൊലീസ് അറിയിച്ചു.