കുട്ടികളായിരിക്കുമ്പോൾ ആഘോഷങ്ങൾക്കും കുടുംബങ്ങൾ ഒത്തുചേരുന്ന സമയത്തും ഒക്കെയായി നമുക്ക് പൈസ കിട്ടാറുണ്ട് അല്ലേ? വീട്ടിലെ മുതിർന്നവർ നമുക്ക് വച്ചുനീട്ടുന്ന ആ തുകകൾ വലിയ കാര്യമായിട്ടാണ് നാം കരുതുന്നതും. എന്നാൽ, മുതിർന്നാൽ സംഗതി ആകെ മാറും. വരവിൽ വലിയ വ്യത്യാസം ഒന്നുമുണ്ടാവില്ലെങ്കിലും ചെലവ് നന്നായി കൂടും. ഇതിന് പുറമെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ഒരുപാട് പേർ കടം ചോദിക്കാൻ കൂടി തുടങ്ങും. അങ്ങനെ ബന്ധുക്കൾ നിരന്തരം പണം ചോദിക്കുന്നത് ഒഴിവാക്കാൻ ഒരാൾ പ്രയോഗിച്ച വഴിയാണ് ഇപ്പോൾ വൈറലാവുന്നത്.
വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ ഒരു മെസേജ് ഇടുകയാണുണ്ടായത്. അതിൽ പറയുന്നത് തനിക്ക് പണത്തിന് കുറച്ച് ആവശ്യമുണ്ട്. അത് ആരെങ്കിലും തരാമോ എന്നാണ്. എന്നാൽ, ശരിക്കും അയാൾക്ക് പണത്തിന് ആവശ്യമുള്ളത് കൊണ്ടായിരുന്നില്ല അയാൾ അങ്ങനെ മെസേജ് അയച്ചത്. മറിച്ച് അയാളോട് ആരും പണം കടം ചോദിക്കാതിരിക്കാൻ വേണ്ടി ആയിരുന്നു.
@callmemahrani എന്ന അക്കൗണ്ടാണ് ഇക്കാര്യം ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. തന്റെ അമ്മാവൻ പണം കടം ചോദിക്കാതിരിക്കാൻ ചെയ്തിരിക്കുന്ന കാര്യമാണിത് എന്ന നിലയിലാണ് ഇവർ ഇക്കാര്യം ട്വിറ്ററിൽ എഴുതിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്റെ അമ്മാവൻ വാട്ട്സാപ്പിൽ ഫാമിലി ഗ്രൂപ്പിൽ കുറച്ച് പണം ആവശ്യപ്പെട്ട് കൊണ്ട് മെസേജ് അയച്ചു. ഞാൻ പ്രൈവറ്റായി പോയി അദ്ദേഹത്തോട് ബാങ്കിംഗ് ഡീറ്റെയ്‍ൽസ് ചോദിച്ചു. കുറച്ച് പണം ഇട്ട് കൊടുക്കാമല്ലോ എന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്. എന്നാൽ, അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് പണം ആവശ്യമില്ല, മറിച്ച് കുടുംബത്തിൽ ആരും അദ്ദേഹത്തോട് പണം ചോദിക്കില്ല എന്ന് ഉറപ്പ് വരുത്താനാണ് അദ്ദേഹം അത് ചെയ്തത് എന്നാണ്. ഏതായാലും ട്വീറ്റ് വൈറലായി. നിരവധിപ്പേർക്ക് ഈ ഐഡിയ ഇഷ്ടപ്പെട്ടു. അമ്മാവൻ സൂപ്പർ തന്നെ എന്നും തങ്ങളും ഈ ഐഡിയ പരീക്ഷിക്കാൻ പോവുകയാണ് എന്നും നിരവധിപ്പേർ കമന്റിട്ടു.