മലപ്പുറം: സ്വർണം അലമാരയിൽ വച്ച് പൂട്ടി ധ്യാനത്തിന് പോയ കുടുംബത്തിന്റെ ചെറിയ വിദ്യ തടഞ്ഞത് വൻ മോഷണം. വഴിക്കടവ് പാലാടിൽ ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാനെത്തിയ ആളാണ് വീട്ടുകാരുടെ വിദ്യയിൽ കുടുങ്ങിയത്. നെടുങ്ങാട്ടുമ്മൽ റെജി വർഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ഓടെ മോഷണം നടന്നത്. കുടുംബം പത്തനംതിട്ടയിൽ ധ്യാനത്തിന് പോയ സമയത്താണ് വീട്ടിൽ മോഷ്ടാവ് കയറിയത്.
അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യമുണ്ട്. വലിയ മാസ്‌ക് ഇട്ടിരുന്നതിനാൽ മുഖം വ്യക്തമല്ല. ഇയാൾ കൈയ്യുറയും ധരിച്ചിട്ടുണ്ട്. ഇന്നലെ വീടിന് സമീപത്തെ ബന്ധുവായ വീട്ടമ്മ പൂച്ചെടികൾ നനക്കാനെത്തിയപ്പോഴാണ് അടുക്കള വാതിൽ തകർത്തിട്ടിരിക്കുന്നത് കണ്ടത്. ഉടൻ വഴിക്കടവ് പൊലീസിൽ വിവരം നൽകി. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിലെ അലമാരകൾ മുഴുവൻ കുത്തിത്തുറന്നതായി കണ്ടെത്തി.
പത്തനംതിട്ടയിലെ കുടുംബത്തെ വിവരം അറിയിച്ചപ്പോൾ അലമാരയിൽ 15 പവൻ സ്വർണാഭരണം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ് കണക്കാക്കി. എന്നാൽ, പത്തനംതിട്ടയിൽ നിന്നും സ്ഥലത്തെത്തിയ കുടുംബം നടത്തിയ പരിശോധനയിൽ പഴയ പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കണ്ടെടുക്കുകയായിരുന്നു. കവർ ഉൾപ്പടെ മോഷ്ടാവ് വാരിവലിച്ച് താഴെ ഇട്ടിരുന്നെങ്കിലും മുഷിഞ്ഞ കവർ ആയതിനാൽ ശ്രദ്ധിച്ചില്ല. അലമാരയിൽ ഉണ്ടായിരുന്ന ചെറിയ കൈ ചെയിനും കുട്ടിക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ ചെറിയ മോതിരവും ഉൾപ്പടെ മുക്കാൽ പവനോളമാണ് വീട്ടിൽ നിന്ന് നഷ്ടമായത്.
മലപ്പുറത്ത് നിന്നും ശാസ്ത്രീയ കുറ്റന്വേഷണ വിഭാഗവുംഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വഴിക്കടവ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ മോഷ്ടാവിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.