കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് മുത്തശ്ശി സെഫിയ. തലേന്ന് തന്നെ ഡീസല്‍ വാങ്ങി ഒളിപ്പിച്ചു വച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. പിതാവ് സുലൈമാന്‍ നേരത്തെയും മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി നാട്ടുകാരും പൊലീസിന് മൊഴി നല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയ റിമാന്‍റ് ചെയ്തു.
ഭിന്നശേഷിക്കാരനായ മകന്‍ സഹദിനെ കൊലപ്പെടുത്താന്‍ പിതാവ് സുലൈമാന്‍ കരുതിക്കൂട്ടി പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുത്തശ്ശി സെഫിയ. താന്‍ അയല്‍ വീടുകളില്‍ ജോലിക്കുപോയിക്കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം പോറ്റിയിരുന്നതെന്ന് അവര്‍ പറയുന്നു. മകളുടെ ഭര്‍ത്താവായ സുലൈമാന്‍ വല്ലപ്പോഴുമായിരുന്നു ജോലിക്കു പോയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഡീസലുമായാണ് സുലൈമാന്‍ വീട്ടിലെത്തിയത്. ചോദിച്ചപ്പോള്‍ തൊട്ടടുത്ത പള്ളിയിലെ ചപ്പുചവര്‍ കത്തിക്കാനെന്നാണ് പറഞ്ഞത്. സ്വന്തം മകനെ വീടിന്‍റെ പിന്നിലെ ചായ്പിലെത്തിച്ച് തീകൊളുത്താനായിരുന്നു ഡീസലെന്ന് സംഭവശേഷമാണ് കുടുംബം മനസ്സിലാക്കുന്നത്.
രാവിലെ പത്തരയോടെ മുറിയില്‍ നില്‍ക്കുകയായിരുന്ന സഹദിന്റെ ദേഹത്ത് ഡീസല്‍ ഒഴിച്ച ശേഷം ഇയാള്‍ തീ കൊളുത്തുകയായിരുന്നു. സഹദിന്റെ അമ്മ വീടിന് പുറത്തു നിൽക്കുമ്പോഴാണ് സുലൈമാൻ തീകൊളുത്തിയത്. മകന്‍റെ നിലവിളി കേട്ടെത്തിയ അമ്മ കണ്ടത് നിന്ന് കത്തുന്ന മകനെയായിരുന്നു. തീ കൊളുത്തിയശേഷം രക്ഷപ്പെട്ട സുലൈമാനെ, നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. കണ്ണില്ലാത്ത ക്രൂര കൃത്യത്തിനിടെ സുലൈമാന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.
മകനെ ഒഴിവാക്കാന്‍ മുമ്പും സുലൈമാന്‍ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താനാണ് ഇതിന് മുന്‍പ് ഇയാള്‍ ശ്രമിച്ചത്. ഭിന്നശേഷിക്കാരനായ മകന്‍ വീടിന് ബാധ്യതയായതിനാല്‍ ഒഴിവാക്കാനായി ചെയ്തതെന്നാണ് സുലൈമാന്‍ പൊലീസ് നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴി. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും പ്രതി കൂസലേതുമില്ലാതെയാണ് പൊലീസിനോട് കാര്യങ്ങള്‍ വിവരിച്ചത്.