തിരുവനന്തപുരം: ഡി.എൻ.എ നോക്കിയാലേ അസ്ഥികൂടം മകന്റേതാണെന്ന് പറയാനാവൂ എന്ന് അവിനാശ് ആനന്ദിന്റെ അച്ഛൻ ആനന്ദ് കൃഷ്ണൻ. കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് ആനന്ദ് കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
അസ്ഥികൂടം കണ്ടെത്തിയതിന് സമീപത്തുനിന്ന് ലഭിച്ച ലൈസൻസ് അവിനാശ് ആനന്ദിന്റേതാണ്. ആ യുവാവിന്റെ അച്ഛനാണ് ആനന്ദ് കൃഷ്ണൻ. ഡി.എൻ.എ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാൻ കഴിയില്ലെന്ന് അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി. 2017 ന് ശേഷം മകനെ കുറിച്ച് വിവരമില്ല.
അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിങ് ലൈസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ലൈസൻസിന്റെ ഉടമയായ അവിനാശ് ആനന്ദിന്റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ അന്വേഷിച്ചു. കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് പൊലീസ് വിവരങ്ങൾ എടുത്തത്.
കാര്യവട്ടം കാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെ ഭൂമി വർഷങ്ങള്‍ക്ക് മുമ്പ് വാട്ടർ അതോററ്റിക്ക് ടാങ്ക് നിർമിക്കാനായി സർവകലാശാല പാട്ടത്തിന് നൽകിയിരുന്നു. ദേശീയ പാതക്ക് സമീപമുള്ള ഈ ഭൂമിയിൽ നിർമിച്ച ടാങ്കിൽ നിലവിൽ പമ്പിങ് നടക്കുന്നില്ല. മണ്‍വിളയിൽ മറ്റൊരു ടാങ്ക് നിർമിച്ചതിനാൽ 20 വർഷമായി ഈ ടാങ്ക് ഉപയോഗിക്കുന്നില്ല.
ഈ ടാങ്കിനുള്ളിൽ എങ്ങനെ ഒരു മൃതദേഹമെത്തിയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യയാണോ കൊലപാതമാണോയെന്നാണ് കണ്ടെത്തേണ്ടത്. മൃതദേഹ അവശിഷ്ടത്തിൽ നിന്നും കണ്ടെത്തിയ ലൈസൻസ് ഉടമയുടേതാണോ ഈ മൃതദേഹമെന്ന് ഉറപ്പാക്കാൻ ഡി.എൻ.എ പരിശോധന നടത്തണം. തലശ്ശേരി സ്വദേശിയായ അവിനാശിൻ്റെ പേരിലാണ് ലൈസൻസ്. 2017ന് ശേഷം ഇയാളെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഇപ്പോൾ ചെന്നെയിലുള്ള രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചത്. ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന അവിനാശ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.