കൊച്ചി: പരമ്പരാഗത തൊഴിലവസരങ്ങള്‍ നിർമിതബുദ്ധി (എ.ഐ) ഇല്ലാതാക്കുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും വ്യവസായ മേഖലയുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ജെന്‍ എ.ഐ സഹായിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
കൊച്ചിയിൽ ആരംഭിച്ച ജെന്‍ എ.ഐ കോണ്‍ക്ലേവ് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും രാജ്യത്തും എ.ഐ വ്യവസായങ്ങളിലെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി സമ്മേളനം മാറും. പരമ്പരാഗത തൊഴിലുകള്‍ക്കൊപ്പം ചെറുപ്പക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് എ.ഐ ചെയ്യുന്നത്.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ എ.ഐ കൂടുതല്‍ സജീവമാക്കും. എ.ഐ വൈദഗ്ധ്യത്തിലൂടെ തൊഴില്‍ വിപണിയില്‍ സംസ്ഥാനത്തിന്‍റെ പ്രസക്തിയും മത്സരക്ഷമതയും ഉറപ്പാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.