ചെന്നൈ: പപ്പടം കിട്ടാത്തതിന്‍റെ പേരിൽ കല്യാണ സദ്യക്കിടെകൂട്ടത്തല്ലുണ്ടായ വാർത്ത അടുത്തിടെ കേരളത്തിൽ വന്നിരുന്നു. സമാനമായൊരു തല്ലുകേസിന്‍റെ വാർത്തയാണ് തമിഴ്നാട്ടിലെ സീർകാഴിയിൽ നിന്ന് വരുന്നത്. പായസത്തിന് രുചി പോരെന്ന പേരിലായിരുന്നു ഇവിടത്തെ തമ്മിലടി. മയിലാടുതുറൈ സീർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്‍റെ പേരിൽ തമ്മിലടി നടന്നത്.
വിവാഹനിശ്ചയച്ചടങ്ങ് വേദിയിലാണ് കൂട്ടത്തല്ല് നടന്നത്. സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്‍റെ പേരില്‍ ചിലർ എതിരഭിപ്രായം പറഞ്ഞു. തുടർന്നുള്ള തർക്കത്തിൽ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികൾ ചേർന്ന് തർക്കം വഷളായി. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.
மயிலாடுதுறை மாவட்டம் சீர்காழியில் திருமண நிச்சயதார்த்த விழாவில் பாயாசம் கேட்டு தகராறு.. இரு தரப்பினரும் மோதிக்கொண்ட வீடியோ சமூக வலைதளத்தில் வைரல்#Mayiladuthurai #Sirkali #MarriageFunction #Clash #Payasam #Kheer #NewsTamil24X7 pic.twitter.com/EHxSKfCYn8
— News Tamil 24×7 (@NewsTamilTV24x7) June 5, 2023
ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്പരം വലിച്ചെറിഞ്ഞ് അടിവച്ചടിവച്ച് ഓഡിറ്റോറിയത്തിന് പുറത്തും കൂട്ടത്തല്ലായി. തുടർന്ന് സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു. കല്യാണമണ്ഡപത്തിലെ കൂട്ടത്തല്ലിന്‍റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇരുഭാഗത്തും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.












