തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുബോൾ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. കട്ടയ്‌ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് (19) ആണ് പിടിയിലായത്. കൂട്ട് പ്രതികൾ ഒളിവിലാണ്.
നാടുകാണി സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ അബിൻ (19), കട്ടയ്ക്കോട് സ്വദേശിയും പാൽ വണ്ടി ഓടിക്കുന്നയാളുമായ അനുരാജ് (20), കട്ടയ്ക്കോട് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ സജിത് (22), കട്ടയ്ക്കോട് സ്വദേശിയും വാർപ്പ് പണിക്കാരനുമായ നിതിൻ (24) എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർ വിജ്ഞാൻ കോളേജ് വിദ്യാത്ഥികളാണ്. ഇവരെ അഭിഷേക് കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ ബസ് കത്ത് നിന്ന ആർ പി എം (കിക്മ) കോളേജിലെ 2 -ാം വർഷ ബിരുദ വിദ്യാർത്ഥികളായ അനു, ശ്രീറാം, ആദീഷ് എന്നിവരെ സംഘം ചേർന്ന് ചവിട്ടി വീഴ്ത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കാമ്പസിനുള്ളിൽ വച്ച് അനുവിൻ്റെ കൈ തട്ടി അഭിഷേകിൻ്റെ മൊബൈൽ നിലത്ത് വീണ് സ്ക്രീൻ ഗ്ലാസ് പൊട്ടിയിരുന്നു. കോളേജ് പ്രിൻസിപ്പൾ ഇടപ്പെട്ട് സംഭവം ഒത്ത് തീർപ്പാക്കി ഫോൺ ശരിയാക്കി നൽകാം എന്നു പറഞ്ഞതിന് ശേഷമാണ് പ്രതി വിദ്യാർഥികളെ ആക്രമിച്ചത്. പരിക്കേറ്റ വിദ്യർഥികൾ ചികിത്സയിൽ തുടരുകയാണ്.