കൊല്ലം: കൊല്ലം കേന്ദ്രീകരിച്ച് 2010ൽ നടന്ന പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസുകളിലെ ആദ്യവിചാരണ പൂർത്തിയായി. ഈ മാസം 12ന് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ചുമീര ബിർലയുടെ കോടതിയിൽ അന്തിമവാദം നടക്കും.
2010 ഒക്ടോബറിൽ നടന്ന സബ് ഇൻസ്പെക്ടർ ട്രെയിനി പരീക്ഷയിൽ തേവലക്കര ചുണ്ടന്റയ്യത്ത് വീട്ടിൽ ദിലീപ്ചന്ദ്രന് ചവറ വാരവിള വീട്ടിൽ ബൈജു മൊബൈലിലൂടെ ഉത്തരം പറഞ്ഞുകൊടുത്തു എന്നതാണ് കേസ്. കൊല്ലം ക്രേവൻ ഹൈസ്കൂളിലെ പരീക്ഷാഹാളിലായിരുന്നു സംഭവം. പി.എസ്.സിയുടെ സ്ക്വാഡാണ് ഇതു പിടികൂടി കേസെടുത്തത്. പരീക്ഷാക്രമകേട് കാരണം പി.എസ്.സി മറ്റൊരു പരീക്ഷ നടത്താൻ നിർബന്ധിതരായി. ഇതുവഴി സർക്കാറിന് 1,30,609 രൂപ നഷ്ടം വരുത്തിയതായും കേസുണ്ട്.
മൊബൈൽഫോൺ ശരീരത്തിൽ ഘടിപ്പിച്ച് പരീക്ഷാക്രമകേട് നടത്തിയത് ഇന്ത്യയിൽ ആദ്യ സംഭവമായിരുന്നു. ഒന്നാംപ്രതി ബൈജു സംഭവകാലത്ത് മലപ്പുറം എ.ആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥനും, രണ്ടാംപ്രതി ദിലീപ്ചന്ദ്രൻ മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി ക്ലർക്കും ആയിരുന്നു.