തൃശൂർ: തൃശൂർ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്‍റെ തറ വാടക കൂട്ടിയ വിഷയത്തില്‍ വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. വാടക വര്‍ധിപ്പിച്ചത് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും കോടതി പറഞ്ഞാല്‍ കുറയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കി. കേസില്‍ ഹൈക്കോടതിയില്‍ തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്‍ കക്ഷി ചേരും. വാടക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നാളെ രാപ്പകല്‍ സമരം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
കഴിഞ്ഞ കൊല്ലങ്ങളിലെ എക്സിബിഷന്‍ വരുമാനത്തിന്‍റെ കണക്കു നിരത്തിയ കൊച്ചിന്‍ ദേവസ്വം പ്രസിഡന്‍റ്, നിരക്ക് കൂട്ടിയത് ദേവസ്വം ബോര്‍ഡ് അല്ലെന്നാണ് ആവര്‍ത്തിക്കുന്നത്. പൂരം തകര്‍ക്കുക കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാടല്ല. ചതുരശ്ര അടിയ്ക്ക് രണ്ടു രൂപ എന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച നിരക്കിന് അനുകൂല നിലപാടാണ് കോടതിയില്‍ നിന്നുണ്ടായതെന്നും ഡോ. സുദര്‍ശന്‍ പറഞ്ഞു. എന്നാല്‍ കോടതിയാണ് നിരക്ക് നിശ്ചയിച്ചതെന്ന പ്രസിഡന്‍റിന്‍റെ വാദം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തള്ളി.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിരക്ക് തീരുമാനിക്കാന്‍ കോടതി നല്‍കിയ നിര്‍ദ്ദേശം ദുരുപയോഗം ചെയ്ത് നിരക്ക് ആറിരട്ടിയോളം കൂട്ടുകയായിരുന്നെന്നാണ് ദേവസ്വങ്ങള്‍ കുറ്റപ്പെടുത്തുന്നത്. കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് തൃശൂര്‍ എംപി ടിഎന്‍ പ്രതാപനും അറിയിച്ചു. പിന്നാലെ സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാപ്പകല്‍ സമരവും പ്രഖ്യാപിച്ചു. നാളെ വൈകിട്ട് ആരംഭിക്കുന്ന സമരം മറ്റെന്നാള്‍ അവസാനിക്കും. എന്നാല്‍ പൂരം എക്സിബിഷന്‍ പ്രതിസന്ധിയില്‍ സിപിഎം പക്ഷെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.