കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്. കുട്ടിയുമായി പിടിവലി നടക്കുന്നതും ബലമായി കാറിൽ കയറ്റി കൊണ്ടുപോകുന്നതിന്റേയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദൃശ്യത്തിൽ കാണുന്ന മുണ്ടുടുത്ത വ്യക്തി കൃത്യം കണ്ടിട്ടുണ്ട്. ഇയാൾ കുട്ടിയെ കാറിൽ കയറ്റുന്നിടത്ത് നിന്ന് അൽപം അകലെയാണ് നിൽക്കുന്നത്. എന്നാൽ ഈ വ്യക്തി ആരെന്ന കാര്യത്തിൽ പോലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. താനാണ് ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട് പോലീസിനെ ആരും സമീപിച്ചിട്ടുമില്ല. ഈ വ്യക്തിയെ കണ്ടെത്തിയാൽ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.
പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ അറിയിക്കണം. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.