വയനാട്: വയനാട് വാകേരിയില്‍ യുവാവിന്റെ ജീവനെടുത്ത കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്. റാപ്പിഡ് റെസ്‌പോണ്‍സ് ടീമും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ തുടരുന്നത്. പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന വനംവകുപ്പിന്റെ ക്യാമറകളിലൂടെയും പരിശോധന നടക്കുന്നുണ്ട്. കടുവയുടെ സഞ്ചാരം മനസിലാക്കാന്‍ ഡ്രോണുകളും ഉപയോഗിക്കും. കൂടാതെ തോട്ടത്തില്‍ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവിറക്കിയിരുന്നു. ക്യാമറ ട്രാപ്പിലെ ചിത്രങ്ങള്‍ വഴി കടുവ ഏതെന്ന് സ്ഥിരീക്കാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിക്കും.
ശനിയാഴ്ചയാണ് കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് കൊല്ലപ്പെട്ടത്. വൈകീട്ട് നാല് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് പുല്ലരിയാന്‍ പോയ പ്രജീഷിന്റെ മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പല ശരീര ഭാഗങ്ങളും വേര്‍പെട്ടിരുന്നു. രാവിലെ പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയ സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്.