പാലക്കാട് : അകത്തേത്തറ ഉമ്മിനിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് രണ്ടുദിവസംമുമ്പ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല. പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ തിങ്കളാഴ്ച രാത്രി കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ ഇന്നലെ കൂട്ടിൽ വെച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ വരെ അമ്മപ്പുലി എത്തിയില്ലെന്ന് വനംവകുപ്പ് അധികൃതർ മനസ്സിലാക്കുന്നത്. ഇതേത്തുടർന്ന് അധികൃതർ രാവിലെ അഞ്ചരയോടെ എത്തി കുട്ടിപ്പുലിയെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് വീണ്ടും കുട്ടിപ്പുലിയെ കൂടിനകത്ത് വെച്ചേക്കും. ചൊവ്വാഴ്ച പുലിയുടെ സാന്നിധ്യം കൂടിന് സമീപത്ത് ഉണ്ടായിരുന്നോ എന്നത് ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകൾ ഡിഎഫ്ഒ എത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ. രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നും വനംവകുപ്പ് അധികൃതർ സംശയമുണ്ട്.
എന്നാൽ ഞായറാഴ്ചമുതൽ നാട്ടിൽ കാണപ്പെട്ട പുലി നാട്ടുകാരുടെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായി. ഇനിയും വനംവകുപ്പിന് പുലിയെ പിടികൂടാനാവാത്തതിൽ ആശങ്കയിലായിരിക്കയാണ് നാട്ടുകാർ. ഉമ്മിനി-പപ്പാടി റോഡിലുള്ള മാധവൻ എന്നയാളുടെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ആഴ്ചകൾ മാത്രം പ്രായമായ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയ ഈസ്ഥലത്ത്, അമ്മപ്പുലിയുണ്ടെന്നും അന്ന് രാത്രിതന്നെ സ്ഥിരീകരിച്ചിരുന്നു. ഉമ്മിനി സ്കൂളിലേക്ക് പോകുന്ന കുട്ടികളടക്കം യാത്രചെയ്യുന്ന റോഡരികിലാണ് പുലിയെ കണ്ടെത്തിയ വീടുള്ളത്. മക്കളെ നഷ്ടപ്പെട്ട പുലി ഈ വീടിന് പിറകുവശത്തുള്ള റബ്ബർ എസ്റ്റേറ്റിലേക്ക് പോയതായാണ് കരുതുന്നത്.
പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. രണ്ടാമത്തെ പുലിക്കുട്ടിയെ കൊണ്ടുപോവാത്തതിനാൽ, ഇനിയും അമ്മപ്പുലിയെത്തുമെന്നായിരുന്നു അധികൃതരുടെ നിഗമനം. കൂട് സ്ഥാപിച്ചിട്ടും പുലി കുടുങ്ങാത്തത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചു. അമ്മപ്പുലിയെ പിടികൂടാൻവേണ്ടി തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വനംവകുപ്പ് വലിയകൂട് സ്ഥാപിച്ച് രണ്ട് പുലിക്കുട്ടികളെയും അതിനകത്തുവിട്ടത്. ഇതുകഴിഞ്ഞ് ഒരുമണിക്കൂർ തികയുംമുമ്പേ പുലിയെത്തി ഒരുകുട്ടിയെ കൊണ്ടുപോവുകയായിരുന്നു. പത്തു മണിയോടെ പുലി വരുന്നതിന്റെയും കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പുലിക്കുട്ടിയെ ചൊവ്വാഴ്ചരാവിലെ ഡി.എഫ്.ഒ. ഓഫീസിലേക്കുമാറ്റി. തുടർന്ന്, രാത്രി എട്ടുമണിയോടെ വീണ്ടും കൂട്ടിനകത്തുതന്നെ വിടുകയായിരുന്നു.
രണ്ടുദിവസംകൂടി സമാനരീതി തുടരാനാണ് തീരുമാനമെന്നും പുലി പിടിയിലായാൽ ഉൾവനത്തിലേക്ക് മാറ്റുമെന്നും പാലക്കാട് ഡി.എഫ്.ഒ. കുറ ശ്രീനിവാസ് പറഞ്ഞിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ഉമ്മിനി-പപ്പാടി റോഡരികിലുള്ള ആളൊഴിഞ്ഞ വീട്ടിൽനിന്ന് ഒരാഴ്ച പ്രായമുള്ള രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. അമ്മപ്പുലിയെയും കണ്ടതായി പ്രദേശവാസി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് വനംവകുപ്പ് ഞായറാഴ്ചതന്നെ കൂടും നീരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഞായറാഴ്ച അർധരാത്രിയോടെ മൂന്നുതവണ മക്കളെ തേടിയെത്തിയ പുലിയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. ഇതേത്തുടർന്നാണ് തിങ്കളാഴ്ചരാത്രി മറ്റൊരു വലിയകൂട് വനംവകുപ്പ് അധികൃതർ സ്ഥാപിച്ചത്.